നദികളിലെയും കടലിലെയും മാലിന്യം വേർപെടുത്തും; വേറിട്ട മാതൃകയുമായി ഗ്വാട്ടിമാല

ലോക സമുദ്രദിനത്തോടനുബന്ധിച്ച് കടല്‍ ശുചീകരണത്തിന് വ്യത്യസ്ത ശ്രമവുമായി ഗ്വാട്ടിമാല. സമുദ്രത്തിലേക്കൊഴുകിച്ചേരുന്ന നദികളിലെ മാലിന്യങ്ങള്‍ കടലിലെത്തും മുന്‍പേ വേര്‍പ്പെടുത്തി സമുദ്രശുചീകരണത്തിന്റെ വേറിട്ട മാതൃകയാവുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.

മാലിന്യവാഹിനികളായ നദികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ് കടലിനെ പ്രകാശവേഗത്തില്‍ മലിനപ്പെടുത്തുന്നത് എന്ന യാഥാര്‍ത്യം ലോകം ഉള്‍ക്കൊള്ളേണ്ട കാലം അതിക്രമിച്ചു. മനുഷ്യനിലനില്‍പ്പിനെ അതിഗുരുതരമായി ബാധിക്കുന്ന ഈ ദുരന്തത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഗ്വാട്ടിമാല. ഒാഷ്യന്‍ ക്ളീനപ്പ് ടീം എന്ന പേരില്‍ ഒരുകൂട്ടം സന്നദ്ധപ്രവര്‍ത്തകരാണ് വേറിട്ട ശ്രമവുമായി രംഗത്തുള്ളത്. പ്ളാസ്ററിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളും പേറി കടലിലേക്കൊഴുകുന്ന നൂറോളം നദികള്‍ സംഘം കണ്ടെത്തി. 

അതിലൊന്നാണ് ഗ്വാട്ടിമാലയിലെ മലനിരകളില്‍ നിന്നുല്‍ഭവിച്ച് മൊട്ടാഗ്വ നദിയുമായി ചേര്‍ന്ന് കരീബിയന്‍ കടലില്‍ സംഗമിക്കുന്ന ലാസ് വാക്കസ് നദി. ഒരു വര്‍ഷം ഈ നദിയിലൂടെ ഒഴുകുന്നത് 20,000 ടണ്‍ പ്ളാസ്റ്റിക് മാലിന്യമാണ്. കണക്ക് നോക്കിയാല്‍ ലോകത്തെ മൊത്തം പ്ളാസ്റ്റിക് മലിനീകരണത്തിന്റെ 2ശതമാനം ഈ നദിയിലൂടെ എത്തുന്നതാണ്. ശുചീകരണപ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നോണം പരീക്ഷണാര്‍ത്ഥം ലാസ് വാക്കസ് നദിയിലാണ് TRASHFENCE  അഥവാ ചവറുവേലി സ്ഥാപിച്ചിരിക്കുന്നത്. 

നദിയിലേക്ക് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഈ ട്രാഷ് വഴി ശേഖരിച്ച് കരയിലേക്ക് മാറ്റി പിന്നീട് സംസ്കരിക്കും.നദിയുടെ നല്ല ഒഴുക്കുള്ള ഭാഗത്താണ് ട്രാഷുകള്‍ സ്ഥാപിക്കുന്നത്. പരീക്ഷണഘട്ടം വിജയിച്ചാല്‍ ആയിരം നദികള്‍ ഒരു വര്‍ഷം ശുചീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന ബോയാന്‍ സ്ലാറ്റ് പറഞ്ഞു. സമുദ്ര സമ്പത്ത് വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് ഒാരോ പൗരനും കടമയായി കാണണമെന്നും ഒാഷ്യന്‍ ക്ളീനപ്പ് കൂട്ടായ്മ ആഹ്വാനം ചെയ്യുന്നു.