കിടുകിടാ വിറച്ച് യുഎസ്; കനത്ത മഞ്ഞുവീഴ്ച; അടിയന്തരാവസ്ഥ

യുഎസ‍ില്‍ കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച തുടങ്ങിയ മഞ്ഞുവീഴ്ചയില്‍ വാഷിങ്ടണ്‍ ഡിസി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം മഞ്ഞുകൊണ്ട് മൂടി. പല ഇടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

യുഎസിന്റെ തെക്കുകിഴക്കന്‍ പ്രദേശങ്ങളിലും മധ്യ–അറ്റ്ലാന്റിക് മേഖലകളിലും അടിച്ച ഹിമക്കാറ്റുമൂലമാണ് ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായത്. കാലവസ്ഥയിലെ മാറ്റം മൂലം വാഷിങ്ടണിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളും അടച്ചു. വാഷിങ്ടണ്‍ മേയര്‍ മൂരിയേല്‍ ബൗസര്‍  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ജ്യോര്‍ജിയ, വെര്‍ജീനിയ, കാരൊലിനാസ്, വാഷിങ്ടണ്‍, ഫിലഡെല്‍ഫിയ മുതലായ ഇടങ്ങളില്‍ 10 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മ​ഞ്ഞുവീഴ്ചയും മണിക്കൂറില്‍ 64 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശക്തമായ മുന്നറിയിപ്പുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത് . പൊതുഗതാഗതത്തിനും നിയന്ത്രണമുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്ര കനത്ത മഞ്ഞുവീഴ്ച മൂലം അരമണിക്കൂറിലധികം തടസപ്പെട്ടു. 2400 ഫ്ലൈറ്റുകള്‍ റദ്ദാക്കി.