33 വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടി; പൊട്ടിക്കരഞ്ഞ് അമ്മയും മകനും; വിഡിയോ

വർഷങ്ങൾക്കു ശേഷം രക്തബന്ധമുള്ളവരുടെ കൂടിക്കാഴ്ച സിനിമകളിലും സീരിയലുകളിലും സ്ഥിരം കാഴ്ചയാണ്. എന്നാൽ കഥകളെ വെല്ലുന്ന രംഗങ്ങളാണ് ചൈനയുടെ തെക്ക് പടിഞ്ഞാറുള്ള ഴാതോങ്ങിൽ നടന്നത്. 

നാലു വയസുള്ളപ്പോഴായിരുന്നു ലി ജിംഗ്വയ്‌ എന്ന കുട്ടിയ്ക്കു കുടുംബം നഷ്ടമാകുന്നത്. 1989 ൽ ലിയെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. സമീപവാസിയായ കഷണ്ടിയുള്ള ഒരാൾ കളിപ്പാട്ടം കാണിച്ച് പ്രലോഭിപ്പിച്ചാണ് ഇതു ചെയ്തത്. എന്നിട്ട് മറ്റൊരു കുടുംബത്തിന് വിൽക്കുകയായിരുന്നു. ലിയെ ദത്തെടുത്ത കുടുംബം ഇയാളെ പഠിപ്പിച്ചു. ലി വിവാഹിതനാവുകയും രണ്ടു കുട്ടികളുടെ അച്ഛനാവുകയും ചെയ്തു. എങ്കിലും താൻ ജനിച്ച കുടുംബത്തിനു വേണ്ടിയുള്ള അന്വേഷണം അയാൾ തുടർന്നു. അതാണ് 2000 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ ഇപ്പോൾ അവസാനിച്ചത്. ജനുവരി ഒന്നിനായിരുന്നു ലി തന്റെ അമ്മയെ വീണ്ടും കണ്ടത്. ഇരുവരും കെട്ടിപ്പിടിച്ച് കരയുന്ന ദൃശ്യങ്ങൾ നൊമ്പരമായിരുന്നു.

ചൈനയിൽ എല്ലാ വർഷവും ഏകദേശം 20,000 കുട്ടികളെ വീതം കാണാതാവുന്നുണ്ട്. ഇവരെ തട്ടിക്കൊണ്ടു പോയി ദത്തെടുക്കാൻ തയാറുള്ളവർക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. 1980 കളിൽ ചൈന ഒറ്റ കുട്ടി നയം നടപ്പിലാക്കിയതോടെ ദത്തെടുക്കൽ വർധിച്ചു. ആൺകുട്ടി വേണമെന്ന ആഗ്രഹം ഇതിനു കാരണമായത്. ഇതോടെ ആണ്‍കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘങ്ങൾ വ്യാപകമാവുകയായിരുന്നു.

മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഡിഎന്‍എ വിവരശേഖരം 2016 ലാണ് പൊലീസ് തയാറാക്കി. ഇതോടെ അന്വേഷണങ്ങള്‍ കൂടുതൽ കാര്യക്ഷമമായി. ഇതിനുശേഷം 2600 വ്യക്തികള്‍ക്ക് കുടുംബത്തെ കണ്ടെത്താന്‍ സഹായിച്ചെന്നു പൊലീസ് അവകാശപ്പെടുന്നതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.