ചൈനയിൽനിന്ന് കേരളത്തിലേക്ക് ‘അതിക്രമിച്ചു’ കയറി; ചൈനീസ് മൈന വെള്ളായണി പാടത്ത്

‘ചൈനീസ് മൈന’ (വൈറ്റ് ഷോൾഡേഡ് സ്റ്റാർലിങ്) വെള്ളായണിയിൽ

കിഴക്കൻ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് അതിഥിയായെത്തിയ ‘ചൈനീസ് മൈന’യെ (വൈറ്റ് ഷോൾഡേഡ് സ്റ്റാർലിങ്) വെള്ളായണിയിൽ കണ്ടെത്തി. ഇന്ത്യയിൽ ചൈനീസ് മൈനയെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത‍് ആദ്യമാണെന്ന് ഗവേഷകർ പറയുന്നു. ഫൊട്ടോഗ്രഫറും പക്ഷിനിരീക്ഷകനുമായ തിരുവനന്തപുരം പൂന്തുറ പുതുക്കാട് സ്വദേശി അജീഷ് സാഗയാണ് വെള്ളായണി പുഞ്ചക്കരി പാടത്തു നിന്ന് ചൈനീസ് മൈനയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും. 

തെക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ആദ്യമായാണ് വൈറ്റ് ഷോൾഡേഡ് സ്റ്റാർലിങ്ങിനെ കണ്ടെത്തുന്നതെന്ന് ബേഡ് കൗണ്ട് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ ജെ.പ്രവീൺ പറഞ്ഞു. ഇന്ത്യയ്ക്കടുത്ത് ഈ പക്ഷിയെ കണ്ടെത്തിയിട്ടുള്ളത് മ്യാൻമറിലാണ്. ആൻഡമാൻ ദ്വീപുകളിൽ ചൈനീസ് മൈനയെ കണ്ടെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കിഴക്കൻ ചൈനയിലും വിയറ്റ്‌നാമിലുമാണ് ഈ പക്ഷിയെ സാധാരണ കണ്ടു വരുന്നത്.

സാധാരണയായി ജപ്പാൻ, തെക്കൻ കൊറിയ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണു ദേശാടനം നടത്തുന്നത്. ഈ മാസം തുടക്കം മുതൽ തന്നെ ഒട്ടേറെ ദേശാടനപ്പക്ഷികൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. നിലവിൽ സംസ്ഥാനത്ത് 546 ഇനം പക്ഷികളാണുള്ളത്.