ചൈനയിലെ ഏറ്റവും ഉയരം കൂടിയ മരം കണ്ടെത്തി; ഉയരം 83.4 മീറ്റര്‍

ചൈനയിലെ ഏറ്റവും ഉയരം കൂടിയ മരം കണ്ടെത്തി വനഗവേഷകര്‍. സായു കൗണ്ടിയിലെ ഉള്‍വനത്തിലാണ് 83.4 മീറ്റര്‍ ഉയരമുള്ള മരം കണ്ടെത്തിയത്. ടിബറ്റന്‍ സ്വയംഭരണാവകാശപ്രദേശമായ സായു കൗണ്ടിയിലെ ഉള്‍വനത്തിലാണ് ചൈനീസ് ശാസ്ത്ര ഗവേഷക സംഘം ചൈനയിലെ ഏറ്റവും ഉയരം കൂടിയ മരം കണ്ടെത്തിയത്. ഏബീസ് ഏര്‍ണസ്റ്റി വാഹ് സാലുവേനെന്‍സിസ് എന്നാണ് ഈ പടുകൂറ്റന്‍ മരത്തിന്റെ ശാസ്ത്ര നാമം. നിത്യഹരിതവനങ്ങളില്‍ കാണപ്പെടുന്ന ഫിര്‍ വിഭാഗത്തില്‍ പെട്ട് മരമാണിത്. ഉയരം 83.4 മീറ്റര്‍. എന്നുവെച്ചാല്‍ 28 നില കെട്ടിടത്തിന്റെ ഉയരം. 

ചൈനീസ് ശാസ്ത്ര അക്കാദമിയുടെ കീഴിലുള്ള ബോട്ടണി ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍. മരം ആദ്യം കണ്ടുപിടിച്ചത് ഗ്വേ കീ എന്ന ഗവേഷകനാണ്. സംഘം ഉള്‍വനത്തിലെത്തി ആദ്യം മരം കയറിയാണ് ഉയരം അളന്നത്. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ചും ഉയരം തിട്ടപ്പെടുത്തി.75 മീറ്റര്‍ ഉയരമുള്ള മരങ്ങള്‍ ധാരാളമായി ടിബറ്റന്‍ വനപ്രദേശത്ത് ഉണ്ടെങ്കിലും ഈ ഉയരത്തിലുള്ള ഫിര്‍ മരം കണ്ടെത്തുന്നത് ആദ്യമായാണ്. ഈ ഗവേഷണത്തിനിടെ കൂ‍റ്റന്‍ മരത്തിന്റെ മുഴുവനായുള്ള ചിത്രമെടുക്കാന്‍ സംഘം നന്നേ പാടുപെട്ടു. പല ഉയരത്തില്‍ നിന്നായി 160 ചിത്രങ്ങളെടുത്ത് അവ സംയോജിപ്പിച്ചാണ് മുഴുവനായുള്ള ഫോട്ടോ തയ്യാറാക്കിയത്. 

350 മില്യണ്‍ പിക്സലുള്ള ചിത്രം സംഘം പുറത്ത് വിട്ടു. മരത്തിന് റെക്കോഡ് കിട്ടിയതിനൊപ്പം സംഘത്തിനും കിട്ടി ഒരു റേക്കോഡ്. ഏറ്റവും ഉയരം കൂടിയ മരത്തിന്റെ ഉയരമളക്കാന്‍ മരം കയറി ഡാറ്റ ശേഖരിച്ച ടീം എന്ന നേട്ടം. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ ഏറ്റവും ഉയരമുള്ള റെഡ്‍വുഡ് മരത്തിനൊപ്പം എത്താന്‍ ഏബീസ് ഇനിയും വളരേണ്ടിയിരിക്കുന്നു. കലിഫോര്‍ണിയയിലുള്ള ഹൈപ്പേറിയോണ്‍ മരത്തിന്റെ ഉയരം 115.85 മീറ്ററാണ്. ഏബീസിന് 380 വര്‍ഷം പഴക്കമുണ്ടെങ്കിലും ആരോഗ്യകരമായി ഇപ്പോഴും വളരുന്നു എന്നതാണ് ചൈനക്ക്  പ്രതീക്ഷ നല്‍കുന്നത്.