12 വയസിൽ താഴെയുള്ള കുട്ടികളിലും വാക്സീൻ ഫലപ്രദം; ഫൈസർ; പ്രതീക്ഷയോടെ ലോകം

വികസിപ്പിച്ചെടുത്ത വാക്സീൻ അഞ്ച് മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികളും ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഫൈസർ. സാധാരണ നൽകുന്ന ഡോസിന്റെ മൂന്നിലൊന്നാണ് ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വേണ്ടി വരികയെന്നും ആ  അളവ് കൊണ്ട് തന്നെ കുഞ്ഞുങ്ങളിൽ യുവാക്കളിലുണ്ടാകുന്ന അത്രയും പ്രതിരോധശേഷി ഉണ്ടാകുന്നുണ്ടെന്നും ഫൈസർ സീനിയർ വൈസ് പ്രസിഡന്റ് അസോസിയേറ്റഡ് പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പനി, വേദന പോലുള്ള താത്കാലിക പാർശ്വഫലങ്ങൾ കുട്ടികളിൽ ഉണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്കായി വാക്സീൻ വികസിപ്പിക്കാനായത് കോവിഡ് പോരാട്ടത്തിലെ നിർണായക മുഹൂർത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫൈസറും ജർമൻ പങ്കാളി ബയോഎൻടെകും ചേർന്ന് വികസിപ്പിച്ചെടുത്ത വാക്സീൻ നേരത്തെ 12 വയസിന് മേൽ പ്രായമുള്ളവർക്ക് നൽകി വന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാൻ ഒട്ടുമിക്ക രാജ്യങ്ങളും തീരുമാനിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് ആശ്വാസമായി ഫൈസർ റിപ്പോർട്ട് നൽകിയത്.