വനിതാ മന്ത്രാലയത്തിൽ വനിതകൾ വേണ്ട; ജോലിക്ക് പുരുഷൻമാർ മാത്രം; താലിബാൻ

അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തിൽ പ്രവേശിക്കുന്നതിൽ വനിതാ ജീവനക്കാർക്കു വിലക്കേർപ്പെടുത്തി താലിബാൻ. പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്നു വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു. നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാൻ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തിൽ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണു വനിത ഉദ്യോഗസ്ഥരുടെ തീരുമാനം. 

20 വർഷത്തിനു ശേഷം താലബാൻ വീണ്ടും അധികാരത്തിലെത്തുമ്പോൾ ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ടതു വനിതകളാണെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് അഫ്ഗാനിസ്ഥാനിൽനിന്ന് ഒരോ ദിവസവും പുറത്തുവരുന്നത്. താലിബാനു കീഴിൽ ദുർഘടമായ ഭാവിയാകും സ്ത്രീകൾക്ക് ഉണ്ടാവുകയെന്നാണു വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്.

അഫ്ഗാനിൽ താലിബാൻ ഭരണമേറ്റെടുത്ത 1996–2001 കാലഘട്ടത്തിൽ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു. വിദ്യാഭ്യാസവും തൊഴിലും അവർക്കു ലഭിച്ചിരുന്നില്ല. എന്നാൽ നിലവിൽ സ്ത്രീകളെ സർവകലാശാലകളിൽ പ്രവേശിപ്പിക്കുന്നുണ്ട്. ആൺകുട്ടികളെയും പെൺകുട്ടികളെയും കർട്ടനിട്ടു മറച്ചാണ് ഇരുത്തിയിരിക്കുന്നത്. മാത്രമല്ല പെൺകുട്ടികൾ ശരീരം മുഴുവൻ മൂടുന്ന രീതിയിൽ വസ്ത്രം ധരിക്കണമെന്നും നിബന്ധനയുണ്ട്. ഇതിനു പുറമേ സ്ത്രീകൾ‌ക്ക് വീടാണ് സുരക്ഷിത ഇടമെന്ന് പ്രഖ്യാപിച്ച താലിബാൻ അവരെ മിക്ക ജോലിസ്ഥലങ്ങളിൽനിന്നും തിരികെ അയയ്ക്കുകയും ചെയ്തിരുന്നു..