സൗഹൃദത്തിന്റെ ഒരാണ്ട്; ഗൾഫ്-ഇസ്രായേൽ വ്യാപാര ഇടപാടുകളിൽ ഒരുലക്ഷം കോടി ലക്ഷ്യം

ചരിത്രത്തിലാദ്യമായി ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി കൈകോർത്തിട്ട് ഒരുവർഷം. 10 വർഷത്തിനകം ഇസ്രയേലുമായുള്ള വാണിജ്യവ്യാപാര ഇടപാടുകൾ ഒരുലക്ഷം കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ സാമ്പത്തികകാര്യമന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞവർഷമാണ് യുഎഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഇസ്രയേലുമായി സമാധാന കരാർ ഒപ്പുവച്ചത്.

വൈറ്റ് ഹൌസിൽ അന്നത്തെ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മധ്യസ്ഥതയിലാണ് കൃത്യം ഒരുവർഷം മുൻപ് യുഎഇയും ബഹ്റൈനും ഇസ്രയേലുമായി സമാധാനക്കരാറിൽ ഒപ്പുവച്ചത്. മധ്യപൂർവദേശത്തിൻറെ പുതിയ പ്രഭാതത്തിന് തുടക്കമായെന്നായിരുന്നു പ്രഖ്യാപനം. അതേസമയം, നിലവിൽ 700 മില്യൺ ഡോളർ സാമ്പത്തിക ഇടപാടുകളാണ് യുഎഇയും ഇസ്രയേലും തമ്മിലുള്ളത്. അത് 2030 ഓടെ ഒരുലക്ഷം കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് യുഎഇ സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിൻ തൌക് അൽമാറി പറഞ്ഞു.

ആരോഗ്യം, ഊർജം,വ്യവസായം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം സഹകരണം ശക്തമാക്കും. ഒരു വർഷത്തിനിടെ 2,30,000 ൽ അധികം സന്ദർശകരാണ് ഇസ്രയേലിൽ നിന്നും യുഎഇയിലെത്തിയത്. പ്രതിരോധ മേഖലയിലടക്കം 12 ഓളം കരാറുകളിൽ ഒപ്പുവച്ചു. നിർമിത ബുദ്ധി അടക്കമുള്ള സാങ്കേതിക വിദ്യ, വിനോദസഞ്ചാരം, ആരോഗ്യം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ യുഎഇ സംഘടിപ്പിച്ച വിവിധ പ്രദർശനങ്ങളിൽ ഇസ്രയേൽ ഭാഗമായി. ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായി ഇസ്രയേലിൽ യുഎഇ നയന്ത്ര കാര്യാലയവും അബുദാബിയിൽ ഇസ്രയേൽ എംബസിയും ദുബായിൽ ഇസ്രയേൽ കോൺസുലേറ്റും സ്ഥാപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനമായിരിക്കും ഇരുരാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തിൽ അടുത്തഅധ്യായം.