‘മന്ത്രിയായി വനിതകൾ വേണ്ട; അവർ പ്രസവിക്കാനുള്ളവരാണ്’; താലിബാൻ

താലിബാൻ ഭരണത്തിനെതിരെ അഫ്ഗാനിൽ സ്ത്രീകൾ കടുത്ത പ്രതിഷേധം ഉയർത്തുമ്പോൾ വീണ്ടും സ്ത്രീകൾക്കെതിരെ പ്രസ്താവനയുമായി താലിബാൻ വക്താവ് സയദ് സക്കീറുള്ള ഹാഷ്മി. മന്ത്രിമാരാകാൻ സ്ത്രീകളുടെ ആവശ്യമില്ല. പ്രസവിക്കാനുള്ളവരാണ് അവർ എന്നായിരുന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ പ്രതികരണം. 

താലിബാൻ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലെന്നതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സയദ് സക്കീറുള്ള ഹാഷ്മിയുടെ പ്രതികരണം. ടോളോ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താലിബാൻ വക്താവിന്റെ ഈ വാക്കുകൾ. സയദ് സക്കീറുള്ള ഹാഷ്മിയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരു സ്ത്രീക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ല. കാരണം അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതു പോലെയാണ് അത്. അവർക്ക് അത് താങ്ങാൻ സാധിക്കില്ല. അതുകൊണ്ടു തന്നെ മന്ത്രിസഭയിൽ സ്ത്രീകൾ ആവശ്യമില്ല. ഗർഭം ധരിക്കാനും കുഞ്ഞിനുജന്മം നൽകുന്നതിനും മാത്രമാണ് സ്ത്രീകൾ. പ്രതിഷേധം നടത്തുന്നവർ യഥാർഥ അഫ്ഗാൻ വനിതകളുടെ പ്രതിനിധികളല്ല.’ താലിബാൻ വക്താവ് ടോളോ ന്യൂസിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 

ആഗോളതലത്തിൽ തന്നെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് താലിബാൻ മന്ത്രിമാരിൽ പ്രധാനികളായി നിയമിച്ചിരിക്കുന്നത്. സ്ത്രീകളെ തൊഴിൽ ചെയ്തു ജീവിക്കുന്നതിൽ നിന്ന് വിലക്കില്ലെന്ന് താലിബാൻ അധികാരത്തിലെത്തുമ്പോൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അഫ്ഗാനിൽ നിന്നും പുറത്തു വരുന്നത് വിപരീത വാർത്തകളാണ്.