മധ്യചൈനയെ തകര്‍ത്ത് വന്‍ പ്രളയം; അണക്കെട്ടുകള്‍ തകര്‍ന്നു; ഗുരുതരം

മധ്യചൈനയെ തകര്‍ത്ത് വന്‍പ്രളയം. പ്രളയ ജലം കുത്തിയൊലിച്ചെത്തിയതോടെ അണക്കെട്ടുകള്‍ തകര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. പതിനായിരകണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അത്യന്തം ഗുരുതര സ്ഥിതിയാണ് പ്രളയം മൂലം ഉണ്ടായിരിക്കുന്നതെന്ന് ചൈനീസ് പ്രസിഡന്‍റ് പറഞ്ഞു 

ഹൈവേകളിലൂടെ ഒഴുകി പോകുന്ന കാറുകള്‍, തകരുന്ന അണക്കെട്ടുകള്‍, വെള്ളം കയറിയ മെട്രോ ട്രെയിനുകള്‍. മധ്യ ചൈന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതു വരെ 12 പേരാണ് മരിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും മരണ സംഖ്യ കൂടാനാണ് സാധ്യത

9.4 കോടി ജനസംഖ്യയുള്ള ഹെനാനില്‍ കാലംതെറ്റിയുള്ള പെരുമഴയാണ് ജനജീവിതം തകിടം മറിച്ചത്.ചില അണക്കെട്ടുകള്‍ തകരുക കൂടി ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളായി. ല്യൂയാങ് പട്ടണത്തിലെ വലിയ അണക്കെട്ടില്‍ 20മീറ്റര്‍ വീതിയിലുള്ള വിള്ളല്‍ ഉണ്ടായി. അണക്കെട്ട് ഏത് സമയവും തകരാമെന്ന് പ്രദേശത്തെ സുരക്ഷാനിയന്ത്രണം ഏറ്റെടുത്ത സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഷെങ്സു പട്ടണത്തിലെ മെട്രോ ട്രെയിനില്‍ വെള്ളം കയറിയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടുത്ത 24മണിക്കൂര്‍ കൂടി മധ്യ ചൈനയില്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം