ഫിന്‍ലന്‍ഡ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ്; മത്സരിക്കാൻ മലയാളികളും‍; നെഞ്ചിടിപ്പ്

ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായ ഫിൻലൻഡിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിക്കുമ്പോൾ ചെങ്ങന്നൂരും, കോതനല്ലൂരും മരടിലും സന്തോഷം എത്തുമോ?  വിവിധ രാഷ്ട്രീയ പാർട്ടികളിലായി മൂന്നു മലയാളികൾ ആണ് ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. നാളെയാണ് വോട്ടെണ്ണൽ. ഹെൽസിങ്കിയിൽ നിന്ന് നവമി ഷാജഹാൻ തയ്യാറാക്കിയ റിപ്പോർട്ട്

നാട്ടിലെ തെരഞ്ഞെടുപ്പ് ആരവം ഒന്നു കഴിഞ്ഞു വന്നതേയുള്ളൂ, അപ്പോഴാണ് ഇവിടെ ഫിൻലൻഡിൽ മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്. എസ്പൂ  മുനിസിപ്പാലിറ്റിയിൽ സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലാൻഡിനു  വേണ്ടി കോട്ടയം കോതനല്ലൂർ സ്വദേശി മാത്യു മയിലപ്പറമ്പിലും, ഹമീൻലിന്ന  മുൻസിപ്പാലിറ്റിയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി രഞ്ജിത്ത് കുമാർ പ്രഭാകരനും മത്സര രംഗത്തിറങ്ങി. എറണാകുളം മരട് സ്വദേശിയായ രഞ്ജിത്ത് നിലവിൽ മുൻസിപ്പാലിറ്റിയിലെ വൈസ് ചെയർമാൻ കൂടിയാണ്. മൂന്നുതവണ വിജയിച്ചു കയറിയാണ് നാലാം അങ്കത്തിന് ഇറങ്ങിയത്. കുവോപ്പിയോ മുൻസിപ്പാലിറ്റിയിലെ സെന്റർ പാർട്ടി സ്ഥാനാർത്ഥി ചെങ്ങന്നൂരൂകാരൻ റോൾസ് ജോൺ വർഗീസാണ്. നാലു വർഷമായി മുൻസിപ്പാലിറ്റിയിലെ ബോർഡ് മെമ്പർ ആണ് അദ്ദേഹം.

മെയ് 26 മുതൽ തുടങ്ങിയ വോട്ടെടുപ്പ് നാളെ വരെയുണ്ട്. നാളെ രാത്രിയോടെ ഫലവുമെത്തും. നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു ഫിൻലൻഡിലെ തെരഞ്ഞെടുപ്പ് പ്രചരണം. എന്തായാലും ഫിൻലൻഡിലെ വോട്ടുപെട്ടി പൊട്ടിക്കുമ്പോൾ, കോതനല്ലൂരൂം, ചെങ്ങന്നൂരും  മരടിലുമെല്ലാം സന്തോഷം എത്തുമായിരിക്കും.