കാത്തിരുന്ന് ഭാഗ്യം എത്തി; 10 കോടിയുടെ 'തിമിംഗല ഛർദ്ദി'; ഇനി കോടിപതികൾ

മീൻ തേടിയിറങ്ങിയ മൽസ്യത്തൊഴിലാളികളെ കടൽ കാത്തിരുന്നത് വമ്പൻ നിധിയുമായി. യെമനിലെ പാവപ്പെട്ട 35 മൽസ്യത്തൊഴിലാളികളെയാണ് ഭാഗ്യം അറിഞ്ഞ് കനിഞ്ഞത്. ഏദെൻ കടലിടുക്കിൽ നിന്നാണ് ഇതുവരെ ലഭിച്ചതിൽ വച്ചേറ്റവും വലിയതെന്ന് കരുതുന്ന തിമിംഗല ഛർദ്ദി കിട്ടിയത്. 127 കിലോ തൂക്കം ഇതിനുണ്ടെന്നാണ് കണക്ക്.  ഏദെൻ കടലിടുക്കിൽ ചത്തുകിടന്ന സ്പേം തിമിംഗലത്തിന്റെ ശരീരത്തിനുള്ളിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് ആംബർഗ്രിസ് ലഭിച്ചത്. 

മീൻ പിടിക്കാനിറങ്ങിയ ഇവർ കടലിടുക്കിന് സമീപത്ത് തിമിംഗലത്തിന്റെ ശരീരം കണ്ടെത്തി. അത് അഴുകിത്തുടങ്ങിയിരുന്നുവെങ്കിലും ഉള്ളിൽ നിന്ന് സുഗന്ധം വരുന്നെന്ന് തോന്നിയതോടെ കെട്ടിവലിച്ച് കരയിലെത്തിക്കുകയായിരുന്നു. തുടർന്ന് വയർ കീറി മുറിച്ചപ്പോഴാണ് കൂറ്റൻ ആംബർഗ്രിസ് കണ്ടെത്തിയത്. വിവരമറിഞ്ഞ യുഎഇയിലെ മൊത്തവ്യാപാരിമാരിൽ ഒരാൾ 11 കോടിയോളം രൂപ നൽകി ഇത് സ്വന്തമാക്കുകയായിരുന്നു. 10 കോടി 96 ലക്ഷം രൂപ 35 പേരും പങ്കിട്ടെടുത്തു.

കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ഛർദി അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്. സ്പേം തിമിംഗലത്തിന്റെ സ്രവമാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം ഛർദിക്കുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും.