ബ്രസീലിൽ കോവിഡിന്റെ രണ്ടാം വരവ്; മരിക്കുന്നത് ഏറെയും കുട്ടികളും ചെറുപ്പക്കാരും

ബ്രസീലിനെ വിറപ്പിച്ച കോവി‍ഡിന്‍റെ രണ്ടാംവരവില്‍ മരണത്തിന് കീഴടങ്ങുന്നവരില്‍ ഏറെയും ചെറുപ്പക്കാരും കുരുന്നുകളും. 1300  കുട്ടികളാണ് ഇതുവരെ മരിച്ചത്. കോവിഡ് ഭീഷണി നേരിടാന്‍ ചെറുവിരല്‍ അനക്കാത്ത ബോല്‍സനാരോ ഭരണകൂടത്തിനെതിരെ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധം ഉയരുകയാണ്. 

ഫെബ്രുവരി 2020 നും മാര്‍ച്ച് 2021 നും ഇടയില്‍ ബ്രസീലില്‍ കോവിഡ് ബാധിതരായി മരിച്ചത് 9 വയസില്‍ താഴെയുള്ള 852 കുരുന്നുകളാണ്. അതിനുശേഷം കഴിഞ്ഞ ഒരുമാസം കൊണ്ട് കോവിഡിനു കീഴടങ്ങിയത് അഞ്ഞൂറിലേറെ കുഞ്ഞുങ്ങള്‍. ദിവസവും നാലായിരത്തിലേറെ പേര്‍ രോഗബാധിരാകുന്നു.. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളില്‍ പകുതിയിലേറെപ്പേരും 40 വയസില്‍ താഴെയുളളവരാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ തീവ്രപരിചരണവിഭാഗത്തില്‍ 80 ശതമാനവും നിറഞ്ഞുകവിഞ്ഞു.  സ്ഥിതി ഇത്രയേറെ രൂക്ഷമായിട്ടും ഭരണകൂടം ചെറുവിരല്‍ അനക്കിയിട്ടില്ല. 

താറുമാറായ ആരോഗ്യമേഖലയ്ക്ക് കീഴില്‍ ജനം സ്വന്തം ജീവന്‍ സംരക്ഷിക്കാന്‍ പാടുപെടുന്നു. വാക്സിനേഷന്‍ ക്യാംപയിനുകളോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് പ്രസിഡന്‍റ് ജെയ്്ര്‍ ബോല്‍നസാരോ. മാസ്കിനും സാമൂഹ്യഅകലത്തിനും എതിരാണ് രാജ്യത്തിന്‍റെ പരമാധികാരി. കോവിഡ് ഒന്നാംവ്യാപനം രൂക്ഷമായ കാലത്ത് പ്രസിഡന്‍റിന്‍റെ ഔദ്യോഗികവസതിയില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് പാര്‍ട്ടി നടത്തിയ പ്രസിഡന്‍റ് കോടതിയുടെ വിമര്‍ശനവും നേരിട്ടിരുന്നു.   ലാറ്റിനമേരിക്കയിലെ പ്രധാനപ്പെട്ട സമ്പദ് വ്യവസ്ഥകളിലൊന്ന് തകര്‍ന്ന് തരിപ്പണമായി. സ്വന്തം രാജ്യത്ത്  മൂന്നരലക്ഷത്തിലേറെപ്പേരെ കവര്‍ന്ന മഹാമാരിക്ക് നേരെ നിഷ്ക്രിയമായി നില്‍ക്കുന്ന ഭരണകൂടത്തിനെതിരെ രാജ്യത്തിന് പുറത്തും വലിയ വിമര്‍ശനം ഉയരുകയാണ്. അര്‍ജന്‍റീനയിലെ ബ്രസീല്‍ എംബസിക്കുമുന്നില്‍ ബോല്‍സനാരോയ്ക്കെതിരെ അര്‍ജന്‍റീനക്കാര്‍ സംഘടിപ്പിച്ച പ്രതിഷേധവും ലോകശ്രദ്ധ ആകര്‍ഷിച്ചു.