ബിയര്‍ മാത്രം കുടിച്ച് 46 ദിവസം; കുറഞ്ഞത് 22 കിലോ; യുവാവിന്റെ വേറിട്ട ഡയറ്റ്

അമേരിക്കയിലെ ഒഹിയോയിലെ ഒരു ഭക്ഷണപ്രിയന്‍ പൂർണ്ണമായും ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. ഭക്ഷണത്തിനു പകരമായി ജീവിക്കാന്‍ വേണ്ടി കഴിക്കുന്നത് ബിയര്‍ മാത്രം. ഇപ്പോള്‍ 46–ദിവസമായി ഈ ഡയറ്റ് പിന്തുടരുന്നു. 16 ദിവസം കൊണ്ട് 22 കിലോ കുറഞ്ഞെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. മാറ്റം വ്യക്തമാക്കിയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 

ഡെൽ ഹാൾ എന്ന പഴയ പട്ടാളക്കാരനും നിലവിൽ സിന്‍സിനാറ്റി നിവാസിയുമായ ഇദ്ദേഹമാണ് ഭക്ഷണം പൂർണ്ണമായി ഉപേക്ഷിച്ച് ബിയർ മാത്രം കഴിച്ച് ജീവിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ബാവറിയന്‍ സന്യാസിമാർ പിന്തുടർന്നു പോന്നിരുന്ന ഭക്ഷണ രീതിയാണ് ഇത്. രണ്ടാം തവണയാണ് ഡെൽ ഹാൾ ഈ ഡയറ്റ് പരീക്ഷിക്കുന്നത്. 2019ൽ ഈ ഭക്ഷണ രീതി വഴി 19.5 കിലോ ഭാരം കുറച്ചെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ഭക്ഷണത്തോടുള്ള ആർത്തി കുറക്കുക, സ്വശരീരത്തെ വെല്ലുവിളിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ ഭക്ഷണ രീതികൊണ്ട് ഇയാൾ ഉദ്ദേശിക്കുന്നത്. ഈ വർഷം 18 കിലോ കുറക്കാനാണ് ഇയാൾ ലക്ഷ്യമിടുന്നത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നുമുണ്ട് ഹെല്‍. ഇതുവരെ 7.3 ലക്ഷമാണ് സമാഹരിച്ചിരിക്കുന്നത്. 36.5 ലക്ഷം സമാഹരിക്കുകയാണ് ലക്ഷ്യം.