ജാക് മാ ജീവനോടെയുണ്ട്: പക്ഷേ ഇരുണ്ട വസ്ത്രം; ചൈനീസ് നിയന്ത്രണത്തിലോ?

ചൈനീസ് സർക്കാരിനെയും പ്രസി‍ഡന്റ് ഷി ചിൻപിങ്ങിനെയും വിമർശിച്ചതിനു തൊട്ടുപിന്നാലെ പൊതു ഇടങ്ങളിൽനിന്ന് ‘അപ്രത്യക്ഷ’മായ ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മാ നാലു മാസത്തെ അജ്ഞാതവാസത്തിനു ശേഷം വീണ്ടും പൊതുവേദിയിൽ. ജാക്ക് മായെ ചൈനീസ് ഭരണകൂടം പിടികൂടിയെന്നും ജയിലിൽ അടച്ചുവെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജാക്ക് മായുടെ രംഗപ്രവേശം. 

ചൈനയിലെ ഗ്രാമീണ മേഖലയിലെ അധ്യാപകരെ അഭിസംബോധന ചെയ്ത ചെറിയ ഓണ്‍ലൈന്‍ വിഡിയോയിലൂടെയാണ് ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് ജാക് മാ തിരികെയെത്തിയത്. ചൈനീസ് സര്‍ക്കാരിനെതിരെ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ ചില പരാമര്‍ശങ്ങളെത്തുടര്‍ന്നാണ്, ആലിബാബ എന്ന വമ്പന്‍ ഓണ്‍ലൈന്‍ കമ്പനിയുടെ സ്ഥാപകനായ ജാക് മാ പെട്ടെന്ന് പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായത്.

അധികൃതര്‍ അദ്ദേഹത്തെ ബെയ്ജിങ്ങിലേക്കു വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍മാരിലൊരാളായ ജാക് മായെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ അപ്രീതിക്കു പാത്രനായ അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെപ്പറ്റി രാജ്യാന്തര സമൂഹം ആശങ്കാകുലരായിരുന്നു. 

ചൈനയിലെ ഗ്രാമീണ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അധ്യാപകരെക്കുറിച്ചുമാണ് ജാക് മാ വിഡിയോയില്‍ സംസാരിച്ചത്. ഇത്രയും കാലും താനും സഹപ്രവര്‍ത്തകരും രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചു പഠിച്ചുവരികയായിരുന്നെന്നും അതിനായി താനടക്കമുള്ള ബിസിനസ് സമൂഹം കൂടുതല്‍ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്നുമാണു മാ അറിയിച്ചത്. 

എല്ലാ വർഷവും തന്റെ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കാറുള്ള ഗ്രാമീണ അധ്യാപകരെ ആദരിക്കുന്ന പരിപാടിയിലാണു ഇന്നു ജാക് മാ പങ്കെടുത്തതെന്ന് ജാക് മാ ഫൗണ്ടേഷന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. 2015ലാണു ജാക് മാ ഫൗണ്ടേഷൻ അധ്യാപകർക്ക് ആദരമർപ്പിക്കുന്ന പദ്ധതിക്കു തുടക്കംകുറിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന 100 ഗ്രാമീണ അധ്യാപകർക്ക് 10 ലക്ഷം രൂപ വീതമാണു നൽകുന്നത്. കൂടാതെ അടുത്ത മൂന്നു വർഷത്തേക്ക് അവരുടെ മുഴുവൻ പഠന, ഗവേഷണ ചെലവുകളും ഫൗണ്ടേഷൻ വഹിക്കും. 

വിഡിയോ സൂക്ഷ്മമായ നിരീക്ഷിച്ച രാജ്യാന്തര മാധ്യമങ്ങൾ ജാക് മാ ചൈനീസ് സർക്കാരിന്റെ കടുത്ത നിയന്ത്രണത്തിലാണെന്ന സൂചനയാണു പങ്കുവച്ചത്. ഇരുണ്ടനിറത്തിലുള്ള വസ്ത്രം ധരിച്ചു കാണപ്പെട്ട മായുടെ മുഖത്തും പതിവു പ്രസന്നതയില്ലായിരുന്നു. ആലിബാബ അടക്കമുള്ള വമ്പൻ കമ്പനികൾ ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിനപ്പുറത്തേക്കു വളരുകയാണെന്നും അവയ്ക്കു കൂച്ചുവിലങ്ങിടേണ്ടത് അത്യാവശ്യമാണെന്നും പ്രസിഡന്റ് ഷീ ചിൻപിങ് കരുതുന്നുവെന്നാണ് റിപ്പോർട്ടുകൾ.