അക്രമസമരത്തിനിടെ ഇന്ത്യന്‍ പതാക; മാപ്പ് പറയണം: മലയാളി കൂട്ടായ്മ

കഴിഞ്ഞ ദിവസം വാഷിങ്ടണ്‍ ഡ‍ിസിയില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ചിലര്‍ ഇന്ത്യന്‍ പതാക പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ വാഷിങ്ടണ്‍ ഡിസി മെട്രോയിലെ പ്രമുഖ ഭാരതീയ മലയാളി സമൂഹ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. അക്രമാസക്തവും തികച്ചും ജനാധിപത്യവിരുദ്ധവുമാണ് ഈ പ്രകടനം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇന്ത്യയെയോ ഇന്ത്യക്കാരെയോ പ്രതിനിധീകരിക്കുന്നില്ല. ഈ ദേശീയ പതാക ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ആശയുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ്. അനേകലക്ഷം ജനങ്ങളുടെ ജീവത്യാഗത്തിലൂടെ ഉയര്‍ന്നുപറക്കുന്ന പതാകയെ നികൃഷ്ടമായ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചവര്‍ ഇന്ത്യയോടും എല്ലാ ഇന്ത്യാക്കാരോടും മാപ്പ് പറയണമെന്നും വാഷിങ്ടണ്‍ ഡിസി മെട്രോയിലെ മലയാളി സമൂഹ അംഗങ്ങള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.