വൈറസിന് തുടക്കം ചൈനയോ?; പഠനസംഘത്തിന് അനുമതി നിഷേധിച്ച് രാജ്യം; നിരാശ

2020ന് പിന്നലെ 2021ലും കോവിഡിന്റെ പുതിയ വകഭേദം ലോകരാജ്യങ്ങളിൽ പിടിമുറുക്കുകയാണ്. സാമ്പത്തിക രംഗത്തെ തന്നെ തകർത്ത് കോവിഡ് മഹാമാരി സർവനാശം വിതയ്ക്കുമ്പോൾ ചൈന വേറിട്ട നിലപാടുകളുമായി മുന്നോട്ടുപോവുകയാണ്. ഇപ്പോൾ കൊറോണ വൈറസിന്റെ തുടക്കത്തെ കുറിച്ച് അന്വേഷിക്കാൻ ചൈനയിലേക്ക് പുറപ്പെട്ട വിദഗ്ധ സംഘത്തിന് രാജ്യത്തേക്ക് പ്രവേശിക്കാൻ ചൈനീസ് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അവസാന നിമിഷം അനുമതി നിഷേധിച്ച ചൈനയുടെ നടപടി ഏറെ നിരാശാജനകമാണെന്ന് ഡബ്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസൂസ് പറഞ്ഞു.

ലോകത്തെ ഭയപ്പെടുത്തുന്ന കൊറോണ വൈറസിന് പിന്നിൽ ചൈനയാണെന്ന ആക്ഷേപം ശക്തമാണ്. വുഹാനിലെ ലാബിൽ നിന്നും പുറത്തുവന്ന വൈറസാണ് ഇന്ന് ലോകത്തെ തകർക്കുന്നതെന്ന ആരോപണം ലോകരാജ്യങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പത്തംഗ വിദഗ്ധ സംഘത്തെ ഇതേ കുറിച്ച് പഠിക്കാൻ ചൈനയിലേക്ക് അയക്കാൻ ലോകാരോഗ്യ സംഘടന തീരുമാനിച്ചത്. എന്നാൽ ചൈന ഇത് അംഗീകരിക്കുന്നില്ല. സംഘത്തിലെ രണ്ടുപേർ മുൻപ് തന്നെ ചൈനയിൽ എത്തിയിട്ടുണ്ടെന്നും ബാക്കിയുള്ളവർക്ക് ചൈന അനുമതി നിഷേധിക്കുവെന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം വിസാ ക്ലിയറൻസുമായി ബന്ധപ്പെട്ട പ്രശ്നമാണ് അനുമതി ലഭിക്കാത്തതെന്നും ഉടൻ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.