ചന്ദ്രനിൽ പോയ ചൈനീസ് പേടകം മഞ്ഞുമലയിൽ ഇറങ്ങി; കൊണ്ടുവന്നത് 1,731 ഗ്രാം സാംപിൾ

ദിവസങ്ങൾക്ക് മുൻപ് ചന്ദ്രനിൽ നിന്ന് ഭൂമിയിലെത്തിയ ചൈനയുടെ ചാങ് -5 പേടകം 1,731 ഗ്രാം സാംപിളുകളാണ് കൊണ്ടുവന്നതെന്ന് രാജ്യത്തെ ബഹിരാകാശ ഏജൻസി അറിയിച്ചു. ശനിയാഴ്ച (ഡിസംബർ 19) രാവിലെ തന്നെ ചൈനീസ് ഗവേഷണ സംഘങ്ങൾക്ക് ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ കൈമാറി.

ഭൗമേതര വസ്തുക്കളിൽ നിന്ന് ശേഖരിച്ച രാജ്യത്തിന്റെ ആദ്യത്തെ സാംപിളുകളുടെ സംഭരണം, വിശകലനം, ഗവേഷണം എന്നിവ ശാസ്ത്രജ്ഞർ നടത്തുമെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻ‌എസ്‌എ) അറിയിച്ചു. ചാങ് -5 പേടകത്തിന്റെ റിട്ടേൺ കാപ്സ്യൂൾ വ്യാഴാഴ്ച (ഡിസംബർ 17) അതിരാവിലെ ഇന്നർ മംഗോളിയ ഓട്ടോണമസ് റീജിയനിലാണ് ലാൻ ചെയ്തത്.

ഒരു ഓർബിറ്റർ, ലാൻഡർ, അസൻഡർ, റിട്ടേൺ എന്നിവ ഉൾപ്പെടുന്ന ചാങ് -5 ദൗത്യം നവംബർ 24 നാണ് തുടങ്ങിയത്. ചന്ദ്രനിൽ നിന്നെത്തിച്ച സാംപിളുകൾ ചൈനീസ് ഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു നിധി തന്നെയാണ്. ഇനിയുള്ള ദിവസങ്ങളിൽ ഈ പാറകൾ ഉപയോഗിച്ച് നിരവധി പരീക്ഷണങ്ങളാണ് നടത്തുക. വടക്കൻ ചൈനയിലെ മഞ്ഞു മൂടിയ മംഗോളിയൻ ഭാഗത്താണ് പേടകം ലാൻഡ് ചെയ്തത്. ഹെലികോപ്റ്ററുകളിലും മറ്റു വാഹനങ്ങളിലുമായാണ് ശാസ്ത്രജ്ഞര്‍ പ്രദേശത്തേക്ക് എത്തിയത്. മംഗോളിയയിലെ ഈ പ്രദേശം നേരത്തെ തന്നെ ചൈനയുടെ  ബഹിരാകാശ പേടകങ്ങളുടെ ലാൻഡിങ് കേന്ദ്രമാണ്. 

ബഹിരാകാശ കാപ്സ്യൂൾ ഒരാഴ്ചയോളം ചന്ദ്രനെ പരിക്രമണം ചെയ്ത ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചത്. 40 വർഷത്തിനുള്ളിൽ ആദ്യമായാണ് ചന്ദ്രനിൽ നിന്ന് ഒരു പേടകം ഭൂമിയിൽ ലാൻഡ് ചെയ്യുന്നത്. 1976 ൽ സോവിയറ്റ് യൂണിയന്റെ ലൂണ 24 പേടകത്തിന് ശേഷം ആദ്യമായാണ് ചന്ദ്രനിൽ നിന്നൊരു പേടകം തിരികെ ഭൂമിയിലേക്ക് വസ്തുക്കളുമായി വരുന്നത്. ഒരുപക്ഷേ ചന്ദ്രന്റെ ചരിത്രത്തെക്കുറിച്ചും സൗരയൂഥത്തിലെ മറ്റ് വസ്തുക്കളുടെയും ഉൾക്കാഴ്ചകൾ മനസ്സിലാക്കാൻ ഇതുവഴി സാധിച്ചേക്കുമെന്ന് തന്നൊണ് ഗവേഷകർ കരുതുന്നത്.

ചന്ദ്രനിൽ നിന്നെത്തിയ സാംപിളുകൾ വിശകലനം ചെയ്യുന്നതിനായി ചൈനയിൽ പ്രത്യേകം ലാബുകൾ ഒരുക്കിയിട്ടുണ്ട്. ലഭ്യമായ സാംപിളുകളിൽ ചിലത് മറ്റ് രാജ്യങ്ങളിലെ ഗവേഷകർക്കും ചൈന നല്‍കിയേക്കും. ചൈനയുടെ ബഹിരാകാശ പദ്ധതിയിൽ ചൊവ്വയിലേക്കുള്ള യാത്ര ഉൾപ്പെടെയുള്ള നിരവധി സ്വപ്നങ്ങളുണ്ട്. 2022 ൽ തന്നെ ചൈന ഒരു ബഹിരാകാശ നിലയം നിർമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.