ചൈനീസ് പേടകം ഇന്ന് 8.28ന് ഇറങ്ങും; ലാൻഡിങ് 8.55ന്; ചന്ദ്രോപരിതല ഖനനം 10.45ന്

ചൈനയുടെ ബഹിരാകാശ പദ്ധതികളുടെയും ദൗത്യങ്ങളുടെയും വ്യക്തമായ കണക്കുകളോ സമയമോ ചൈനീസ് ബഹിരാകാശ ഏജൻസി കൃത്യമായി പുറത്തുവിടാറില്ല. ഒരുപക്ഷേ, പരാജയങ്ങൾ വിശദീകരിക്കാൻ സർക്കാരിനെ ഇത് എളുപ്പമാക്കുകയും ചെയ്യും. എന്നാൽ, ചരിത്രത്തിലെ തന്നെ വലിയൊരു ദൗത്യമായി പുറപ്പെട്ട ചാങ് 5 പേടകം അൽപസമയത്തിനുള്ളിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുമെന്നാണ് അറിയുന്നത്.

ബഹിരാകാശ പേടകത്തിന്റെ ലാൻഡർ ഇതിനകം തന്നെ ഓർബിറ്ററിൽ നിന്ന് വേർപെടുത്തിയിരുന്നു. പിന്നീട് ചന്ദോപരിതലത്തോട് ഏറ്റവും താഴ്ന്ന ചാന്ദ്ര ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം ഇന്ന് രാത്രി 8.28 മുതൽ നടക്കുന്ന നീക്കങ്ങൾ പ്രകാരം ചൈനീസ് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി ഖനനം നടത്തി പേടകം തിരിച്ചുപോരുമെന്നാണ് അറിയുന്നത്.

പേടകത്തിന്റെ, ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര ഇന്ത്യൻ സമയം രാത്രി 8.28 ന് തുടങ്ങും. കാര്യങ്ങൾ ആസൂത്രണം ചെയ്തതു പോലെ നടന്നാൽ 8.55 ന് തന്നെ ലാൻഡിങ് നടത്തും. തുടർന്ന് 10.45 ന് പേടകത്തിലെ സംവിധാനം ഉപയോഗിച്ച് ചന്ദ്രോപരിതലത്തിൽ ഖനനം നടത്തി വേണ്ട സാംപിളുകൾ ശേഖരിച്ച് തിരിച്ച് ഓർബിറ്ററിലേക്ക് തന്നെ ടേക്ക് ഓഫ് ചെയ്യും.

ശാസ്ത്ര ലോകം വലിയൊരു കാത്തിരിപ്പിലാണ്. ചൈനീസ് പേടകം ചന്ദ്രനില്‍ ലാൻഡ് ചെയ്ത് അവിടെ നിന്നു പാറകളും മണ്ണും ഭൂമിയിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ലോകവും. കഴിഞ്ഞ നാല് ദശാബ്ദങ്ങള്‍ക്കിടെ ആദ്യമായാണ് ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യവുമായി ചൈന രംഗത്തുവരുന്നത്. ഹെയ്‌നാന്‍ പ്രവിശ്യയിലെ വെന്‍ചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് നവംബര്‍ 24നാണ് ചാങ്ഇ5 വിക്ഷേപണം നടന്നത്. 

തിങ്കളാഴ്ച (ബെയ്ജിങ് സമയം) പുലർച്ചെ 4.40 ഓടെയാണ് ബഹിരാകാശ പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപ്പെട്ടത്. ബഹിരാകാശ പേടകം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഭൂമിയിലെ നിയന്ത്രണ സംവിധാനങ്ങളുമായി ആശയവിനിമയം സാധാരണമാണെന്നും സിഎൻ‌എസ്‌എ പറഞ്ഞു. ലാൻഡർ-അസൻഡർ ഒന്നിച്ചുള്ള സംവിധാനം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുകയും പാറകളും മണ്ണും ശേഖരിക്കുകയും ചെയ്യും.