ചന്ദ്രനിലെ ദുരൂഹവീട്; ചൈനീസ് റോവർ കണ്ടെത്തിയ അജ്ഞാത വസ്തു..!

ചന്ദ്രന്റെ ഉപരിതലത്തിൽ ചതുരാകൃതിയിൽ വീട് പോലെ തോന്നിക്കുന്ന വസ്തു കണ്ടെത്തി ശാസ്ത്രജ്ഞർ. ചന്ദ്രനിൽ നമുക്കെതിരെ തിരിഞ്ഞ് നിൽക്കുന്ന അജ്ഞാത വശത്താണ് ചൈനീസ് റോവറായ യുടു–2 അജ്ഞാത വസ്തുവിനെ കണ്ടെത്തിയത്. എന്നാൽ ഈ വസ്തു എന്താണെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞർക്കും വിദഗ്ധർക്കും ആയിട്ടില്ല. മിസ്റ്ററി ഹൗസ് എന്നാണ് ഈ വസ്തുവിന് ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്.

വളരെ ദൂരത്ത് നിന്നാണ് റോവർ ഈ വസ്തുവിന്റെ ചിത്രം പകർത്തിയിരിക്കുന്നത്. റോവറിനെ കുറച്ചുകൂടി അടുപ്പിച്ച് ദുരൂഹ വീടിനെ നിരീക്ഷിക്കാനാണ് ശാസ്ത്രജ്ഞർ തീരുമാനിച്ചിരിക്കുന്നത്. സ്പേസ്.കോം എന്ന മാധ്യമത്തിലെ ജേണലിസ്റ്റായ ആൻഡ്രൂ ജോൺസാണ് ദുരൂഹ വീടിന്റെ ചിത്രം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. എന്നാൽ ഇത് അന്യഗ്രഹജീവികളൊന്നുമല്ലെന്നും എന്നാൽ പരിശോധന ആവശ്യമുള്ള സംഭവമാണെന്നുമാണ് ആന്‍ഡ്രൂ ജോൺസ് കുറിച്ചത്.