‘കുളി ഗോമൂത്രത്തിൽ; ചാണകം പൗഡർ; തോക്കുമായി കാവൽ’; കൗതുകം ഈ ജീവിതം; വിഡിയോ

‘കുളിക്കുന്നത് ഗോമൂത്രത്തിൽ, ദേഹത്തി പൂശുന്നത് ചാണകം, നാട്ടിൽ പണമായി ഉപയോഗിക്കുന്നത് പശുക്കളെ..’ ഇതുപോലെ വളരെ വിചിത്രവും കൗതുകവും നിറഞ്ഞ ജീവിതരീതിയാണ് ആഫ്രിക്കയിലെ ദക്ഷിണ സുഡാനിലുള്ള മുണ്ടാരി ഗോത്രവിഭാഗത്തിലെ ആദിവാസികൾക്കുള്ളത്. പശുക്കളെ മനുഷ്യനെപോലെ സ്നേഹിക്കുകയും അതിലേറെ ബഹുമാനിക്കുകയും ചെയ്യുന്ന ആദിവാസിഗോത്രത്തിന്റെ വിശേഷങ്ങൾ ലോകത്തിന് മുന്നിൽ എത്തിച്ചിരിക്കുകയാണ് ഫോട്ടോഗ്രാഫറായ മാരിയോ ഗെർത്ത്. മുന്ന് മാസങ്ങളാണ് ഇവരുടെ ജീവിതരീതി മനസിലാക്കാൻ അദ്ദേഹം അവിടെ താമസിച്ചത്.

രാവിലെ ഉണരുന്നതോടെ ഇവർ കുളിക്കാനെത്തുന്നത് പശുക്കളുടെ അടുത്താണ്. നേരിട്ട് ഗോമുത്രത്തിൽ കുളിച്ച് ദിവസം തുടങ്ങുന്ന ഇവർ പശുക്കളുടെ അകിടിൽ നിന്ന് പാൽ കുടിക്കുന്നതും നേരിട്ടുതന്നെ. ചാണകം ഉണക്കിപൊടിച്ച് പൗഡർ പോലെ മുഖത്ത് തേക്കുന്നത് രോഗബാധകളിൽ നിന്ന് സംരക്ഷിക്കുമെന്നാണ് ഇവരുടെ വാദം. എട്ടടിയോളമാണ് പശുക്കളുടെ ഉയരം. ഒരു പശുവിന് അഞ്ഞൂറ് ഡോളർ വില വരും. 

പശുക്കളെ സംരക്ഷിക്കാൻ ഗോത്രവിഭാഗത്തിൽ പെട്ടവർ തോക്കുമായി കാവൽ നിൽക്കുന്നതും പതിവാണ്. പാലും തൈരുമാണ് ഇവരുടെ പ്രധാന ഭക്ഷണം. ദിവസവും രണ്ടു തവണ ചാണകം ഉണക്കിപൊടിച്ചതുപയോഗിച്ച് തന്നെ പശുക്കളെ തടവുന്നതും ഇവരുടെ പതിവ് രീതിയാണ്. ഇഷ്ടപ്പെട്ട പശുവിന്റെ രണ്ടടി ദൂരത്തിലാണ് ഒരോരുത്തരും ഉറങ്ങുന്നത് തന്നെ. മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെട്ട് കഴിയുന്ന വിഭാഗമാണ് മുണ്ടാരി ഗോത്രവർഗക്കാർ. പശുക്കളെ എന്ത് വിലകൊടുത്തും സംരക്ഷിക്കാൻ ഇവർ തയ്യാറാണ്.ഗോക്കളാണ് മുണ്ടാരി വർഗക്കാരുടെ അഭിമാനം. ഗോസംരക്ഷിക്കുന്നതാണ് ഇവരുടെ പ്രധാന തൊഴിലും.