സ്മാർട്ട് ഫോണിലൂടെ കോവിഡ് ഫലം; വേണ്ടത് വെറും 30 മിനിറ്റ്; പരീക്ഷണം വിജയം

സ്മാർട്ട് ഫോൺ ഉപയോഗിച്ച് കോവിഡ് ഫലമറിയാനുള്ള സാങ്കേതിക വിദ്യ പരീക്ഷണത്തിൽ വിജയിച്ച് ശാസ്ത്രജ്ഞർ. ഫോൺ ക്യാമറ ഉപയോഗിച്ചാണ് കോവിഡ് ബാധിച്ചിട്ടുണ്ടോയെന്നറിയാനുള്ള സിആർഐഎസ്പിആർ ടെസ്റ്റ് നടത്താനുള്ള സൗകര്യം ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. ശാസ്ത്ര ജർണൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടനുസരിച്ച് കോവിഡ് ഫലം അറിയാനും ശരീരത്തിൽ വൈറസിന്റെ അളവറിയാനും പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും.

കോവിഡ് ടെസ്റ്റ് നടത്താൻ സാധിക്കാത്ത സ്ഥലങ്ങളിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് എളുപ്പമാണെന്നും മുപ്പത് മിനിറ്റിൽ ഫലമറിയാൻ സാധിക്കുമെന്നും സാങ്കേതികവിദ്യ പരീക്ഷണത്തിൽ ഉൾപ്പെട്ട ജെന്നിഫർ ദൗഡ്ന അറിയിച്ചു. കെമിസ്റ്റ്രിയിൽ 2020ൽ നോബൽ സമ്മാനം കരസ്ഥമാക്കിയവരിൽ ഒരാളാണ് ജെന്നിഫർ.

സ്മാർട്ട് ഫോൺ ക്യാമറയെ മൈക്റോസ്കോപ്പിന്റെ ഘടനയിലേയ്ക്ക് മാറ്റിയാണ് കൊറോണ വൈറസിന്റെ അളവ് മനസിലാക്കാൻ സാധിക്കുന്നത്. മൈക്രോസ്കോപ്പിന്റെ മാതൃകയിൽ ഫോൺ ക്യാമറ മാറുന്നതോടെ പ്രത്യേക ഫ്ളൂറസന്റ് വെളിച്ചത്തിന്റെ സഹായത്തിൽ കൊറോണ വൈറസിന്റെ അളവ് മനസിലാക്കാൻ സാധിക്കും. ഭൂരിഭാഗം മൊബൈൽ ഫോണുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വികസിപ്പിച്ചവർ അവകാശപ്പെടുന്നത്.