ബ്രിട്ടീഷ് രാജ്ഞിയേക്കാൾ സമ്പന്ന ധനമന്ത്രിയുടെ ഭാര്യ; താരമായി ഇൻഫോസിസ് സ്ഥാപകന്റെ മകൾ

ബ്രിട്ടീഷ് സർക്കാരിലെ മിന്നും താരമാണ് ചാൻസിലർ ഋഷി സുനാക്. ഭാവിയിൽ പ്രധാനമന്ത്രി പോലും ആകുമെന്ന് ആളുകൾ വിശ്വസിക്കുന്ന ഇന്ത്യൻ വംശജനായ ടോറി നേതാവ്. ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച ഫർലോ സ്കീമും ജോബ് റിട്ടൻഷൻ പദ്ധതിയും ഈറ്റ് ഔട്ട് ടു ഹെൽപ് ഔട്ട് പദ്ധതിയുമൊക്കെയാണ് വളരെ പെട്ടെന്ന് സുനാക്കിനെ ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ടവനാക്കിയത്. വീടുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കിയും വാറ്റ് കുറച്ചും പലിശനിരക്ക് പൂജ്യത്തിലേക്ക് താഴ്ത്തിയും ബ്രിട്ടന്റെ സാമ്പത്തികസ്ഥിതി തകരാതെ സൂക്ഷിക്കുന്നത് സാമ്പത്തിക വിദഗ്ധനായ സുനാക്കാണ്. 

എന്നാൽ ഇപ്പോൾ സുനാക്കിനേക്കാൾ താരപദവിയിലാണ് അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂർത്തി. കാരണം അവരുടെ 430 മില്യൺ പൗണ്ടിന്റെ ആസ്തി തന്നെ. ബ്രിട്ടീഷ് രാജ്ഞിയുടെ പ്രഖ്യാപിത ആസ്തിപോലും 350 മില്യൺ പൌണ്ടാണ്. അപ്പോഴാണ് അക്ഷതയുടെ ആസ്തിവിവരങ്ങളുമായി ബ്രിട്ടീഷ് മാധ്യമങ്ങൾ ആഘോഷം നടത്തുന്നത്. 

ഇന്ത്യൻ ടെക്നോളജി കമ്പനിയായ ഇൻഫോസിസിന്റെ സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകളാണ് അക്ഷത മൂർത്തി. കുടുംബസ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം തന്നെയാണ് ഇവരെ ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയിലെത്തിക്കുന്നത്. ഇതുവരെ രാജ്യത്തെ വനിതകളിൽ ഏറ്റവും സമ്പന്നയായിരുന്ന എലിസബത്ത് രാജ്ഞിയേക്കാൾ ഇന്ത്യക്കാരിയായ അക്ഷത മുന്നിലെത്തിയെന്നാണ് സൺഡെ ടൈംസ് പുറത്തുവിട്ട രാജ്യത്തെ സമ്പന്നരുടെ പട്ടിക വ്യക്തമാക്കുന്നത്.  

ഇൻഫോസിസിൽ 0.91 ശതമാനം ഷെയറുകളാണ് ചാൻസിലറുടെ ഭാര്യയ്ക്കുള്ളത്. ഇതുകൂടാതെ ആമസോൺ ഉൾപ്പെടെയുള്ള കമ്പനികളിലും നിക്ഷേപമുണ്ട്. 

കലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ പഠനത്തിലിടെയാണ് ഋഷി സുനാകും അക്ഷിത മൂർത്തിയും പരിചയത്തിലാകുന്നത്. 2009ൽ ബാംഗ്ളൂരിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.