ഒന്നരമാസത്തെ പോരാട്ടത്തിന് അന്ത്യം; അസര്‍ബൈജാനും അര്‍മേനിയയും സമാധാന കരാറില്‍ ഒപ്പിട്ടു

ഒന്നരമാസം നീണ്ട പോരാട്ടത്തിന് അന്ത്യം കുറിച്ച് അസര്‍ബൈജാനും അര്‍മേനിയയും സമാധാന കരാറില്‍ ഒപ്പിട്ടു.റഷ്യന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കിടയില്‍ വെടിനിര്‍ത്തല്‍ ധാരണയായത്. തര്‍ക്കപ്രദേശത്തു നിന്ന് പിന്‍മാറാമെന്ന് അര്‍മേനിയ സമ്മതിച്ചു. അതേസമയം ഏകപക്ഷീയമായ പിന്‍മാറ്റം അര്‍മേനിയയില്‍ ജനരോഷമുയര്‍ത്തിയിട്ടുണ്ട്. 

നഗോര്‍ണോ കരബാക്ക് എന്ന ചെറു പ്രദേശത്തെച്ചൊല്ലിയുള്ള അസര്‍ബൈജാന്‍ അര്‍മേനിയ പോരിന് നാലു ദശാബ്ധത്തിലേറെ പഴക്കമുണ്ട്. അസര്‍ബൈജാന്‍റെ ഭാഗമായി രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രദേശത്ത് അര്‍മേനിയന്‍ വംശജരാണ് ഭൂരിപക്ഷം. 1990കളില്‍ നടന്ന പോരാട്ടത്തിനൊടുവില്‍ 1994ല്‍ അമേര്‍മേനിയന്‍ സര്‍ക്കാരിന്‍റെ പിന്തണയുള്ള ഭരണകൂടം മേഖലയുടെ നിയന്ത്രണം പിടിച്ചു. അന്നും റഷ്യന്‍ മധ്യസ്ഥതയില്‍ 

സമാധാനകരാര്‍ ഒപ്പിട്ടെങ്കിലും പാലിക്കപ്പെട്ടില്ല. ഈ സെപ്റ്റംബറില്‍ നഗാര്‍ണോ കരബാക്ക് പിടിക്കാനുള്ള പോരാട്ടം ശക്തമായി.അസര്‍ബൈജാന്‍റെ പിന്തുണയ്ക്ക് തുര്‍ക്കി കൂടി എത്തിയോതോടെ പോരാട്ടം മുറുകി. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍റെ മധ്യസ്ഥതയിലുണ്ടാക്കിയ പുതിയ കരാ‍ര്‍ പ്രകാരം 

നഗാര്‍ണോ കരബാക് അസര്‍ബൈജാന്‍റെ ഭാഗമായി തുടരും. അര്‍മേനിയന്‍ പട്ടാളം പൂര്‍ണമായും മേഖലയില്‍ നിന്ന് പിന്‍മാറും. എന്നാല്‍ പരാജയം സമ്മതിച്ച  പ്രധാനമന്ത്രി നികോള്‍ പഷിന്യാനെതിരെ അര്‍മേനിയയില്‍ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിത്തുടങ്ങി.