മരിച്ച കുഞ്ഞിനെ തൊടാനാകാതെ അമ്മ; കണ്ണീരിനും വിലങ്ങ്; ഭരണകൂടത്തിന്റെ ക്രൂരത

മുന്നില്‍ മരിച്ചു കിടക്കുന്ന കുഞ്ഞിനെ ഒന്നു തൊടാന്‍ വിതുമ്പുന്ന അമ്മമനസിന് വിലങ്ങിട്ട് മനസ് മരവിച്ച ഭരണകൂടം.  കൈയില്‍ ഒരു വെള്ളപ്പൂവുമായി നിന്ന് ആ അമ്മയുടെ കണ്ണുകള്‍ക്ക് മാത്രമായിരുന്നു അപ്പോള്‍ സ്വാതന്ത്ര്യം. 

റെയ്ന മേ നസീനോ കണ്ണുനിറഞ്ഞു കരഞ്ഞു. . ‘റിവര്‍’ എന്ന പേരുള്ള മകളുടെ പേരുപോലെ ആ കണ്ണുകളും സ്വതന്ത്രമായി ഒഴുകി. അവസാനമായൊരു ഉമ്മ  നല്‍കാനോ ഒന്നു തൊട്ട് വിടപറയാനോ ഫിലിപ്പീന്‍സ് ഭരണകൂടം ഇടതുപക്ഷപ്രവര്‍ത്തകയായ ആ അമ്മയെ അനുവദിച്ചില്ല. വിലങ്ങ് ഒന്നഴിക്കാന്‍ കുടുംബാംഗങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും അപേക്ഷിച്ചു. പക്ഷേ,  റെയ്നയുടെയും റിവറിന്റെയും മുന്നില്‍ അവരുടെ ഹൃദയം തണുത്തറഞ്ഞിരുന്നു.  റെയ്നയുടെ കണ്ണീര് കണ്ട് പുറത്ത് രോഷം പടര്‍ന്നു. അവര്‍ കുഞ്ഞ് പുഴയെക്കുറിച്ച് ഒാര്‍ത്ത് വിലപിച്ചുകൊണ്ട് വന്നവരാണ്. 

കഡമായ് എന്ന പട്ടിണിവിരുദ്ധ സംഘത്തില്‍ അംഗമായ റെയ്നോ  ആയുധം കൈവശം വച്ചെന്ന പേരിലാണ് 2019ല്‍ അറസ്റ്റിലായത്. ‘പുഴ’ ജനിക്കുന്നത് ജൂലൈയില്‍. ജയില്‍ചട്ടം അനുവദിക്കില്ലെന്നു   പറഞ്ഞ് കു‍ഞ്ഞിനെ ഓഗസ്റ്റില്‍ റെയ്നയുടെ അമ്മയുടെ ഒപ്പമാക്കി. ന്യൂമോണിയ ബാധിച്ചാണ് പുഴയുടെ മരണം. കാരുണ്യത്തിന്റെ നനവ് വറ്റാത്ത കോടതി റെയ്നയ്ക്ക് പരോള്‍ നല്‍കിയതിനാല്‍ പുഴയൊഴുകിത്തീരുമ്പോള്‍ ഒപ്പം കൂട്ടായി ആ അമ്മയുടെ മിഴിനീരും ഉണ്ടായിരുന്നു.