2021 പകുതി വരെ കോവിഡ് വാക്സീൻ പ്രചാരത്തിലാകില്ല: ലോകാരോഗ്യ സംഘടന

2021 പകുതിവരെ കോവിഡ് വാക്സീൻ പ്രചാരത്തിലാകുമെന്ന് കരുതുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്സീന്റെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആവശ്യമായ കൃത്യമായ പരിശോധന നടത്തണം. ലോകാരോഗ്യ സംഘടനയുടെ പരിശോധനകളിൽ ഇതുവരെ ഒരു രാജ്യത്തിന്റെയും വാക്സീൻ പൂർണമായും ഉപയോഗപ്രദമായിട്ടില്ലെന്നും വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.

മനുഷ്യരിൽ പരിശോധന നടത്തി രണ്ടു മാസം തികയുന്നതിനു മുൻപുതന്നെ റഷ്യ കോവിഡ് വാക്സീൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ വിദഗ്ധർ രംഗത്തെത്തി. യുഎസ് പൊതുആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പിഫിസർ കമ്പനിയും ഒക്ടോബർ അവസാനത്തോടെ വാക്സീൻ ഉപയോഗ യോഗ്യമാകുമെന്ന് അറിയിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോവിഡ് വലിയ ഘടകമാകുമെന്ന വിലയിരുത്തലിലാണിത്.

അടുത്തവർഷം പകുതി വരെ കോവിഡ് വാക്സീന്റെ വ്യാപകമായ ഉപയോഗം ഉണ്ടാകുമെന്ന് കരുതാനാകില്ലെന്ന് ഹാരിസ് യുഎന്നിൽ അറിയിച്ചു. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം ദൈർഘ്യമേറിയതായിരിക്കും. കാരണം വാക്സീൻ എത്രത്തോളം സുരക്ഷിതമാണെന്നു കണ്ടെത്തേണ്ടതുണ്ട് – ഹാരിസ് പറയുന്നു.