കോവിഡ് വരാതിരിക്കാൻ മാതാപിതാക്കൾ മുന്ന് മക്കളെയും പൂട്ടിയിട്ടത് നാലുമാസം

ലോകം മുഴുവൻ കോവിഡ് ഭീതിയിലാണ്. കോവിഡ് ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ ഏവരും എടുക്കുന്നുമുണ്ട്. എന്നാൽ സ്വീഡനിൽ ഒരു മാതാപിതാക്കൾ കൊവിഡിനെ പ്രതിരോധിക്കാൻ ചെയ്തത് അൽപം കടന്ന കയ്യായിപ്പോയി. നാലുമാസത്തോളം മൂന്ന് കുട്ടികളെയും പൂട്ടിയിട്ടാണ് ഇവർ കോവിഡിനെതിരെ പ്രതിരോധം തീർത്തത്. 10 മുതൽ 17 വയസ് വരെയുള്ള മൂന്ന് കുട്ടികളെയാണ് മാർച്ച് മുതൽ 4 മാസത്തോളം അപ്പാർട്ട്മെന്റിൽ ഇവർ അടച്ചിട്ടത്.

കുട്ടികളെ പരസ്പരം കാണാനോ സംസാരിക്കാനോ അനുവദിച്ചിരുന്നില്ല. ഓരോരുത്തർക്കും സ്വന്തം മുറികളിൽ ഭക്ഷണം എത്തിച്ചുനൽകി. വീടിന്റെ വാതിലും ജനലും സദാസമയവും അടച്ചിട്ടിരുന്നു. സംശയം തോന്നിയ അധികാരികൾ അപ്പാർട്ട്മെന്റിലെത്തി കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സ്വീഡനിൽ ലോക്ഡൗൺ നിയമം കർശനമായിരുന്നില്ല. 16 വയസ് മുതലുള്ള കുട്ടികൾക്ക് സ്കൂളും തുറന്നുപ്രവർത്തിച്ചിരുന്നു. കോവിഡിനെ പ്രതിരോധിക്കാനാണെങ്കിലും കുട്ടികളോട് ക്രൂരത കാണിച്ചതിന് മാതാപിതാക്കൾ ശിക്ഷനേരിടേണ്ടി വരും.