ഓമനിച്ച് വളർത്തിയ വെള്ള സിംഹങ്ങൾക്ക് ഒപ്പം സവാരി; ഒടുവിൽ ജീവനെടുത്തു

വളർത്തു സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ വന്യജീവി സംരക്ഷണപ്രവർത്തകനെ സിംഹങ്ങൾ ആക്രമിച്ച് കൊന്നു. ദക്ഷിണാഫ്രിക്കന്‍ വന്യജീവി സംരക്ഷണപ്രവര്‍ത്തകനായ വെസ്റ്റ് മാത്യൂസണ്‍ (69) ആണ് കൊല്ലപ്പെട്ടത്. വെള്ള സിംഹങ്ങൾക്കൊപ്പം നടക്കാനിറങ്ങിയ ഇദ്ദേഹത്തെ കൂട്ടത്തിൽ ഒരു സിംഹം ആക്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായുള്ള ആക്രമണം ചെറുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല.

സിംഹങ്ങൾ കുഞ്ഞായിരുന്നകാലം  മുതൽ ഇദ്ദേഹം  ഓമനിച്ചു വളർത്തിയതാണ്. എന്നാൽ പെട്ടെന്നുള്ള ആക്രമണത്തിൽ അതേ സിംഹങ്ങൾ അദ്ദേഹത്തിന്റെ ജീവനെടുത്തു. അങ്കിൾ വെസ്റ്റ് എന്നാണ് ഇദ്ദേഹത്തെ ആരാധകർ വിളിച്ചിരുന്നത്. സംഭവസമയത്ത് മാത്യൂസണിന്റെ കൂടെ ഭാര്യയും ഉണ്ടായിരുന്നു. അദ്ദേഹത്തെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇവർ വ്യക്തമാക്കി. 

ആക്രമണത്തിനു പിന്നാലെ സിംഹങ്ങളെ താല്‍ക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.