മാര്‍സ് 2020 റോവർ പുറപ്പെട്ടു; അടുത്ത വർഷം ചൊവ്വയിലെത്തും; ജീവന്റെ തെളിവുതേടി

പുതിയ ചൊവ്വാ പര്യവേഷണ പേടകം മാര്‍സ് 2020 നാസ വിജയകരമായി വിക്ഷേപിച്ചു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുകയും ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളെ സഹായിക്കുകയുമാണ് 2020 മാര്‍സ് റോവറിന്റെ ലക്ഷ്യം. 'മാർസ് 2020 പെർസെവെറൻസ്' റോവർ ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്ന് പ്രാദേശിക സമയം 7.50നാണ് വിക്ഷേപിച്ചത്. പേടകം അടുത്ത വർഷം ഫെബ്രുവരി 18ന് ചൊവ്വയിലെത്തും. ആദ്യം യുഎഇയും പിന്നാലെ ചൈനയും ചൊവ്വയിലെ രഹസ്യങ്ങൾ‍ തേടി പേടകങ്ങൾ വിക്ഷേപിച്ചിരുന്നു.

മുന്‍ ചൊവ്വാ പര്യവേഷണ വാഹനമായ ക്യൂരിയോസിറ്റിയുടേതു പോലെ ആറ് ചക്രങ്ങളാണ് 2020 മാര്‍സ് റോവറിനും ഉള്ളത്. പാറകള്‍ നിറഞ്ഞ ചൊവ്വയുടെ പ്രതലത്തില്‍ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കുന്നതിന് വേണ്ടിയാണിത്. ഏഴ് അടി നീളമുള്ള കൃത്രിമ കൈകള്‍ ഉപയോഗിച്ചാകും ഈ പേടകം ചൊവ്വയുടെ പ്രതലം തുരന്ന് സാംപിളുകള്‍ ശേഖരിക്കുക.ഒരു ചൊവ്വാ വര്‍ഷം ( ഭൂമിയിലെ 687 ദിവസം) നാസയുടെ മാര്‍സ് 2020 പേടകം ചൊവ്വയില്‍ ചുറ്റിത്തിരിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.