ജപ്പാന് മുകളിലെ വെളുത്ത ബലൂൺ; പൊലീസ് ഹെലികോപ്ടറിലെത്തി പരിശോധിച്ചു; ചർച്ച

ജൂൺ 17ന് ജപ്പാനിലെ ആകാശത്ത് കാണപ്പെട്ട വെളുത്ത ബലൂൺ ചർച്ചകളിൽ നിറയുകയാണ്. ട്വിറ്ററിലും ഫെയ്സ്ബുക്കിലിലും ഒട്ടേറെ പേരാണ് ഇപ്പോൾ ഈ ചിത്രം പങ്കുവയ്ക്കുന്നത്. റോയിറ്റേഴ്സിന്റെ ട്വിറ്ററർ പേജിലും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്. കാലാവസ്ഥാ പഠനത്തിനായി അത്തരം ബലൂണുകൾ പലപ്പോഴും ജപ്പാന്റെ ആകാശത്തേക്കു പറത്തിവിടാറുണ്ട്. എന്നാൽ ഇത് അക്കൂട്ടത്തിലുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കിയതോടെ വെളുത്ത ബലൂണിനെ കുറിച്ചുള്ള ദുരൂഹതകൾ സോഷ്യൽ ലോകത്തും വൈറലായി. ഇതിന്റെ ചിത്രങ്ങളും ജാപ്പനീസ് ഭാഷയിൽ പറക്കുംതളിക (യുഎഫ്ഒ) എന്ന ഹാഷ്ടാഗും തരംഗമായിരുന്നു.

പറക്കുംതളികയാണെന്ന പ്രചാരം വ്യാപകമായതോടെ സെന്തായ് പൊലീസ് ഒരു നിരീക്ഷണ ഹെലികോപ്ടറും ആകാശത്തേക്കയച്ചു. പക്ഷേ അവർക്കും ഇതെന്താണെന്നു കണ്ടെത്താനായില്ല. ദിവസം മുഴുവനും അതങ്ങനെ ആകാശത്തുനിന്നു. വൈകിട്ടായതോടെ ആകാശത്തു മേഘം നിറഞ്ഞു, ഇതിനെ കാണാതായി. പിന്നീട് പസഫിക് സമുദ്രത്തിനു മുകളിൽ ഇതിനെ കണ്ടെത്തി. എന്തായിരുന്നു ബലൂണിനു പിന്നിലെ രഹസ്യമെന്ന ചർച്ച ഇപ്പോഴും തുടരുകയാണ് ജപ്പാനിൽ. സർക്കാർ വക്താവിനോടു വരെ ഇതു സംബന്ധിച്ച ചോദ്യമുണ്ടായി. അതോടെ സർക്കാരും ഗൗരവമായി ഇതിന്റെ ഉത്തരം തേടുകയാണ്.  

എന്നാൽ സംഭവത്തെ കുറിച്ച് ജാപ്പനീസ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത് ഇങ്ങനെ: വിദേശത്ത് ഉപയോഗിക്കുന്ന തരം ബലൂണായിരുന്നു അതെന്നാണ്. കാലാവസ്ഥാ സാഹചര്യങ്ങൾ ഉൾപ്പെടെ പരിശോധിക്കാനാണ് ഇത് ഉപയോഗിക്കുക. കഴിഞ്ഞ ദിവസങ്ങളിൽ വടക്കു കിഴക്കൻ ഏഷ്യൻ ഭാഗത്തുനിന്ന് ജപ്പാനിലേക്ക് ശക്തമായ കാറ്റ് വീശിയിരുന്നു. അതിൽപ്പെട്ട് ജപ്പാനിലേക്കു പറന്നെത്തിയതാകാം ബലൂണെന്നാണു പ്രാഥമിക നിഗമനം. പ്രത്യേക വാതകം നിറച്ച് പറത്തിവിട്ട ഇവ നിശ്ചിത ഉയരം കഴിഞ്ഞാൽ സ്വയം പൊട്ടിത്തെറിച്ചു പോകും. ബലൂണിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണമാണ് ഡേറ്റ ശേഖരിച്ച് ഭൂമിയിലെ കേന്ദ്രത്തിലേക്ക് അയയ്ക്കുക.

ജനങ്ങളെ ആക്രമിക്കാനോ ജപ്പാനെ നിരീക്ഷിക്കാനോ വിദേശ രാജ്യങ്ങൾ അയച്ചതല്ല ബലൂണെന്നാണു സര്‍ക്കാർ പറയുന്നത്. അതേസമയം മറ്റു രാജ്യങ്ങളൊന്നും ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടിട്ടുമില്ല. ഒരുപക്ഷേ നിരീക്ഷണ ഉപകരണത്തിനു പകരം ബലൂൺ പറത്താനുള്ള പ്രൊപ്പല്ലറായിരിക്കാം അതിനൊപ്പമുണ്ടായിരുന്നതെന്നും പറയപ്പെടുന്നുണ്ട്.