പാംഗോങ്ങിൽ ചൈനീസ് അക്ഷരങ്ങളും വമ്പന്‍ ഭൂപടവും; ദുരൂഹ സാറ്റലൈറ്റ് ചിത്രങ്ങൾ

പാംഗോങ് തടാകത്തോടു ചേർന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും വരച്ചുചേർത്ത് ചൈന. സാറ്റലൈറ്റ് ചിത്രത്തിലാണ് ഇവ തിരിച്ചറിഞ്ഞത്. ഫിംഗർ 4നും ഫിംഗർ 5നും ഇടയ്ക്കായി ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലയിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. 81 മീറ്റർ നീളവും 25 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലകളിൽ 186 കുടിലുകളും ടെന്റുകളുമൊക്കെ സ്ഥാപിച്ചിട്ടുള്ളതായിട്ടാണ് വിലയിരുത്തൽ. തടാകത്തിന്റെ കരയ്ക്കു പുറമേ പാംഗോങ്ങിൽ എട്ടു കിലോമീറ്റർ ഉള്ളിലേക്കു കയറിയാണിത്. ഫിംഗർ 5നോടു ചേർന്ന് രണ്ട് ഇന്റർസെപ്റ്റർ വിമാനം കിടക്കുന്നതും ഫിംഗർ 4ൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതും നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ഫിംഗർ 1ലേക്കും ഫിംഗർ 3ലേക്കും ചൈനീസ് സേന നീങ്ങുന്നതും സൈറ്റലൈറ്റ് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. . അതേസമയം, അതിർത്തിയിൽ ചൈന ഇത്തരമൊരു നീക്കം നടത്തുന്നതായി സ്ഥിരീകരിക്കാനാവില്ലെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചു.

പ്ലാനറ്റ് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് മേഖലയിൽ ചൈനീസ് സേനയുടെ വൻ ഏകീകരണമാണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം ഇവിടെ നടത്തിയിരുന്ന പട്രോളിങ് മേയ് മാസത്തിൽ നിർ‍ത്തിയിരുന്നു.

അതേസമയം, പാംഗോങ് തടാകത്തോടു ചേർന്ന് നിർമിക്കുന്ന ഹെലിപ്പാഡ് 23.1 കിലോമീറ്ററുകൾ കൂടി നീട്ടിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നു. പുതിയ ഹെലിപ്പാ‍ഡുകൾ നിർമിച്ചതായി ചിത്രത്തിൽ വ്യക്തമല്ല. പഴയ ഹെലിപ്പാഡ് പുനർനിർമിച്ചതിന്റെയും കൂടുതൽ വിപുലപ്പെടുത്തിയതിന്റെയും സാറ്റലൈറ്റ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഗൽവാനിൽനിന്ന് 176 കിലോമീറ്റർ വടക്കുമാറി ഷിൻജിയാങ്ങിലെ ഹോട്ടനിൽ പിഷൻ കൗണ്ടിയോടു ചേർന്നാണ് ഹെലിപ്പാഡ്. ജൂൺ 22ന് എടുത്ത ചിത്രം 2017ൽ എടുത്തതുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യത്യാസം ശ്രദ്ധയിൽപ്പെടുന്നത്.

കിഴക്കൻ ലഡാക്കിലെ 7 സ്ഥലങ്ങളിലാണു സംഘർഷം തുടരുന്നത്. ഇതിൽ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലെ കടന്നുകയറ്റമാണ് ഏറ്റവും രൂക്ഷം. ഇന്ത്യൻ ഭാഗത്തുള്ള പാംഗോങ്ങിൽ 8 കിലോമീറ്ററും കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിൽ 400 മീറ്ററുമാണ് ചൈനീസ് സേന അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗൽവാനിൽ ഇന്ത്യൻ ഭാഗത്തുള്ള 3 കിലോമീറ്ററാണ് അവർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. വ്യോമതാവളം (എയർ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഒാൾഡിക്കു സമീപമുള്ള ഡെപ്സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളിൽ അവിഭാജ്യ ഘടകമാണ്.