പൊളിഞ്ഞത് ഇന്ത്യന്‍ കമ്പനികളെ വിഴുങ്ങാനുള്ള തന്ത്രം; ആപ്പുകള്‍ പൂട്ടിയതിന് ലക്ഷ്യങ്ങളേറെ

ഇന്ത്യ ചൈന സംഘർഷത്തെത്തുടർന്ന് ചൈനാ ആപ്പുകൾ നിരോധിച്ച നടപടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്.  ഇന്ത്യയുടെ യുവതീയുവാക്കളെ ആകര്‍ഷിച്ചു നിർത്തിയിരുന്നവയായിരുന്നു ഇൗ ആപ്പുകളെല്ലാം. ടിക്ക് ആയിരുന്നു ഇവയിൽ പ്രധാനം. ടിക്‌ ടോക്, യുസി ബ്രൗസര്‍, വീചാറ്റ്, ഷെയര്‍ചാറ്റ്, ക്യാംസ്‌കാനര്‍ എന്നിവ അടക്കമുള്ള പ്രധാനപ്പെട്ട 59 ആപ്പുകളുടെ നിരോധനമാണ് നടപ്പാക്കിയത്. ഇന്ത്യന്‍ ആപ് മാര്‍ക്കറ്റിലേക്ക് ഇഷ്ടംപോലെ ആപ്പുകള്‍ പ്രവഹിക്കുന്നതിനാല്‍ ഇവയുടെ അഭാവം ശ്രദ്ധിക്കപ്പെടാനും പോകുന്നില്ല. 

ചൈനാ നിര്‍മിത വസ്തുക്കള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന ഉത്തരവ് ഇറക്കിയാല്‍ അതിനെതിരെ ചൈനയ്ക്ക് വേള്‍ഡ് ട്രെയ്ഡ് ഓര്‍ഗനൈസേഷനില്‍ പരാതി നല്‍കാനാകും. എന്നാല്‍, ആപ്പുകള്‍ക്കെതിരെയുള്ള ഈ നീക്കം മികച്ചതാണെന്നു വിലയിരുത്തപ്പെടുന്നു. ചൈനയില്‍ നിന്ന് ഇറക്കുമതി പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നെങ്കില്‍ ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങളും പ്രശ്‌നത്തിലായേനെ എന്നും പറയുന്നു. ഇതിനെ ഇന്ത്യ ചൈനയ്‌ക്കെതിരെ സ്വീകരിച്ചേക്കാവുന്ന നടപടികളില്‍ ആദ്യത്തേതു മാത്രമായി കണ്ടാല്‍ മതിയെന്നു വാദിക്കുന്നവരും ഉണ്ട്. ഏകദേശം 10 ദിവസം മുമ്പ് സർക്കാർ 56 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു എന്നു വാര്‍ത്ത പരന്നിരുന്നെങ്കിലും, 'പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫാക്ട് ചെക്ക്' അതു നടന്നിട്ടില്ലെന്നു പറഞ്ഞിരുന്നു. 

ഇന്ത്യൻ കമ്പനികളിൽ വൻതോതിൽ നിക്ഷേപം നടത്തി കയ്യടക്കാനുള്ള ചൈനീസ് നീക്കം തടയാനായി കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയം എഫ്ഡിെഎ വ്യവസ്ഥകളിൽ നേരത്തെ തന്നെ ഭേദഗതി വരുത്തിയിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഒരു രാജ്യത്തെയും വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ കേന്ദ്രസർക്കാരിന്റെ അനുമതി ഇല്ലാതെ നേരിട്ടുള്ള നിക്ഷേപം നടത്താനാവില്ല. നേരത്തേ പാക്കിസ്ഥാനും ബംഗ്ലദേശിനും ഈ നിയന്ത്രണം ഉണ്ടായിരുന്നു.

ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങളില്‍ മാറ്റം വരുത്തിയത് ഇന്ത്യന്‍ സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് തിരച്ചടിയാകുമോ എന്ന കാര്യം കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ 100 കോടി ഡോളറിലേറെ മൂല്യമുളള സ്റ്റാര്‍ട്ട്-അപ് (യുണികോണ്‍) കമ്പനികളില്‍ ഒരു ചൈനീസ് നിക്ഷേപകനെങ്കിലും ഇപ്പോഴുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ് ആണ് ടിക്‌ടോക്ക്. 120 ദശലക്ഷത്തിലേറെ ആക്ടീവ്യൂസര്‍മാരാണ് ആപ്പിനുള്ളത്. ആപ്പില്‍ ദിവസവും ധാരാളം സമയം ചിലവഴിക്കുന്ന യുവതീ യുവാക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുകയായിരുന്നു. എന്നാല്‍, ഇന്ന് ഇതിനു പകരം ഉപയോഗിക്കാവുന്ന ആപ്പുകള്‍ ഉണ്ട്.