അമേരിക്കയില്‍ വര്‍ഗീയ ചേരിതിരിവ് രൂക്ഷം; ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം

കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്ലോയിഡിന്റെ കൊലപാതകത്തിലെ  പ്രതിഷേധം അമേരിക്കയില്‍ അഞ്ചാംദിവസവും തുടരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിനു പുറമെ കൊളളയും തുടരുകയാണ്. അക്രമം നടന്ന വൈറ്റ് ഹൗസ് പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു.   മിനിയപലിസില്‍ മാത്രം 170 കടകള്‍ക്കാണ് തീവച്ചത്.  പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന   ആന്റിഫയെ ഭീകരസംഘടനായി പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. 

അരിസോണയിലും ബെവര്‍ലി ഹില്‍സിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ലൊസാഞ്ചലസിലെ സമ്പന്നരും സിനിമാതാരങ്ങളും താമസിക്കുന്ന ബെവര്‍ലി ഹില്‍സില്‍ കടകള്‍ക്കും വീടുകള്‍ക്കും നേരെ ആക്രമണമുണ്ടായി.    ഫിലഡല്‍ഫിയയില്‍ പൊലീസുമായി ഏറ്റുമുട്ടിയവര്‍ ഒരു പൊലീസ് വാഹനം തകര്‍ത്തു. ഒരു ചെരിപ്പ് കട കൊള്ളയടിച്ചു. പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമായ മിനിയപ്പലിസില്‍ സമരക്കാര്‍ക്ക് ഇടയിലേക്ക് ഒരു ട്രക്ക് പാ‍ഞ്ഞുകയറിയെങ്കിലും ആര്‍ക്കും പരുക്കില്ല. ട്രക് ഡ്രൈവറെ സമരക്കാര്‍ മര്‍ദിച്ചു. ന്യൂയോര്‍ക്കില്‍ 30 പൊലീസുകാര്‍ക്ക് പരുക്കേറ്റു. റബര്‍ ബുള്ളറ്റും ലാത്തിയുമായാണ് പൊലീസ് സമരങ്ങളെ നേരിടുന്നത്. വൈറ്റ് ഹൗസിനു മുന്നില്‍ വരെ സമരം നടന്നു. റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷന്‍ ഓഫിസും രണ്ട് ബാങ്കുകളും ആക്രമിക്കപ്പെട്ടു. ചേംബര്‍ ഓഫ് കൊമേഴ്സ് കെട്ടിടത്തിലും ഹോട്ടലുകള്‍ക്കും തീയിട്ടു. 

അമേരിക്കയില്‍ വര്‍ഗീയ ചേരിതിരിവ് രൂക്ഷമായിരിക്കുകയാണ്. സമരക്കാരെ ട്രംപ് ഗുണ്ടകള്‍ എന്ന് വിളിച്ചതിനു പിന്നാെല അവരെ പിന്തുണച്ച് ബാസ്കറ്റ്ബോള്‍ ഇതിഹാസം മൈക്കിള്‍ ജോര്‍ഡന്‍ രംഗത്തെത്തി. 

ഫാസിസത്തെ എതിര്‍ക്കുന്ന ആന്റിഫയെ ഭീകരസംഘടനായി പ്രഖ്യാപിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. കോവിഡ്കാലത്തെ മുന്‍കരുതലുകളൊന്നും പാലിക്കാതെയുള്ള സമരങ്ങള്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാക്കുമെന്നും ആശങ്കയുണ്ട്.