കൊറോണ വൈറസ് മഞ്ഞുമലയുടെ ഒരറ്റം മാത്രം; ചൈനീസ് ബാറ്റ് വുമന്റെ മുന്നറിയിപ്പ്

കൊറോണ ഉള്‍പ്പെടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വൈറസുകള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തെത്തണമെന്നും പ്രമുഖ വൈറോളജിസ്റ്റും ചൈനയുടെ ‘ബാറ്റ് വുമാണു’മായ ഷി സെങ്‌ലി. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ് ഷി.

വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തില്‍ സര്‍ക്കാരുകളും ശാസ്ത്രജ്ഞന്മാരും സുതാര്യതയോടെയും സഹകരണത്തോടെയും പ്രവര്‍ത്തിക്കണമെന്ന് ഷി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളില്‍നിന്നു സമൂഹത്തെ രക്ഷിക്കണമെങ്കില്‍ മൃഗങ്ങളില്‍ കണ്ടുവരുന്ന അജ്ഞാതമായ വൈറസുകളെക്കുറിച്ച് കൃത്യമായി പഠനം നടത്തി കാലേക്കൂട്ടി മുന്നറിയിപ്പു നല്‍കുകയാണു വേണ്ടത്. അതേക്കുറിച്ചു പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ചവ്യാധിയും എത്തുമെന്ന് അവര്‍ പറഞ്ഞു.

വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബില്‍നിന്നാണ് കൊറോണ വൈറസ് പകര്‍ന്നതെന്ന അമേരിക്കയുടെ ആരോപണം നിലനില്‍ക്കെയാണ് ഷിയുടെ പ്രതികരണം. താന്‍ ഇതുവരെ ഗവേഷണം നടത്തിയിട്ടുള്ള വൈറസുകളുടെ ജനിതകഘടനയ്ക്ക് ഇപ്പോള്‍ മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസിന്റേതുമായി യാതൊരു സാമ്യവുമില്ലെന്നും ഷി പറഞ്ഞു. മഹാമാരിക്കു തന്റെ ലബോറട്ടിയുമായി ഒരു തരത്തിലും ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി.