സ്ഥിതി ഗുരുതരം, നിയന്ത്രണങ്ങളില്ല; താജിക്കിസ്ഥാനിൽ കുടുങ്ങി 320 മലയാളികൾ

താജിക്കിസ്ഥാനിൽ കുടുങ്ങിയ 320 മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മടക്കം അനിശ്ചിതത്വത്തിൽ. 1,300 പേരെ നാട്ടിലെത്തിക്കാൻ നിലവിൽ രണ്ട് വിമാനങ്ങൾ മാത്രമാണ് സജ്ജമാക്കിയിട്ടുള്ളത്. ഈ വിമാനങ്ങളുടെ യാത്രയും നീട്ടിവെച്ചതും ആശങ്ക വർധിപ്പിക്കുന്നു. 

താജിക്കിസ്ഥാനിൽ നിലവിൽ കോവിഡ് രോഗികളുടെ എണ്ണം 1300 കടന്നു. 36 പേർ മരിച്ചു. നാൾക്കുനാൾ സ്ഥിതി വഷളാകുകയാണ്. ഇന്ത്യക്കാരിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാഭ്യാസത്തിനായി ഇവിടെ എത്തിയതാണ്. 320 മലയാളികൾ അവിസിന്ന മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ്. താജിക്കിസ്ഥാനിൽ നിന്ന്  കണ്ണൂരിലേക്കും ജയ്പൂരിലേക്കും രണ്ട്  വിമാനങ്ങൾ അയക്കാനാണ് നിലവിൽ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതുവഴി 300 പേർക്ക് മാത്രമെ നാട്ടിലെത്താനാകൂ. വിമാനം 22ന് അയക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇത് പിന്നീട് 27ലേക്ക് മാറ്റി. 

നിലവിൽ താജിക്കിസ്ഥാനിൽ നിയന്ത്രണങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. രോഗം വ്യാപിച്ചതോടെ യുണിവേഴ്സിറ്റി അടയ്ക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല. ഏപ്രിൽ 26 മുതൽ മലയാളി വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ തന്നെ തുടർന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിൽ നിന്നുള്ളവരും കൂട്ടത്തിലുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടലാണ് ആവശ്യം.