കോവിഡിനെ 'മണത്തറിയുമോ' നായ്ക്കൾ? പ്രതീക്ഷയോടെ ശാസ്ത്രലോകം

കോവിഡ് പരിശോധന വേഗത്തിൽ നടത്തുന്നതിനും വാക്സിൻ കണ്ടുപിടിക്കുന്നതിനുമെല്ലാം പരീക്ഷണങ്ങൾ ശാസ്ത്രലോകം തുടരുകയാണ്. മണം പിടിക്കാനുള്ള നായകളുടെ കഴിവ് പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ചെയ്യുന്നത്. 

ലാബും കോക്കർ സ്പാനിയലുമടക്കമുള്ള ആറ് തരം നായ്ക്കളെയാണ് ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തത്. ഇവർക്ക് ലണ്ടനിലെ ആശുപത്രികളിൽ നിന്നുള്ള കോവിഡ് രോഗികളുടെ മണത്തിന്റെ സാംപിളുകൾ എത്തിച്ചു നൽകി. രോഗബാധയില്ലാത്ത മനുഷ്യരുടെ ഗന്ധവും ഇതും തമ്മിൽ തിരിച്ചറിയാനാകുന്നുണ്ടോയെന്നതാണ്  ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.

 പരീക്ഷണം വിജയിച്ചാൽ വലിയ മുന്നേറ്റമാകും കോവിഡ് പരിശോധനാ രംഗത്ത് ഉണ്ടാകുക. വിമാനത്താവളങ്ങൾ പോലുള്ള പൊതുസ്ഥലങ്ങളിൽ പരിശോധനയ്ക്ക് നായ്ക്കളെ ഉപയോഗിക്കാൻ കഴിയും. ഒരു മണിക്കൂറിൽ 250 പേരെയെങ്കിലും നായ്ക്കൾക്ക് ' പരിശോധിക്കാൻ' കഴിയുമെന്നാണ് കരുതുന്നത്. യുഎസിലുള്ള ശാസ്ത്രജ്ഞർ നായകൾക്ക് പ്രത്യേക പരിശീലനം നൽകുന്നുമുണ്ട്. ചിലതരം അർബുദം, പാർകിൻസൺ രോഗം, മലേറിയ തുടങ്ങിയവയെ തിരിച്ചറിയാൻ നായ്ക്കൾക്ക് കഴിയുന്നതായി നേരത്തേ ശാസ്ത്രസംഘം തെളിയിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് പുതിയ പരീക്ഷണം.