അമേരിക്കയുടെ തെരുവുകളിൽ അലഞ്ഞ് മലയാളി; കൈത്താങ്ങായി കൂട്ടായ്മ; നന്മ

അമേരിക്കയിലെ ഹൂസ്റ്റണിൽ തെരുവിലലഞ്ഞ മലയാളിക്കു കൈത്താങ്ങായി മലയാളി അസോസിയേഷൻ. ഗ്രീൻകാർഡും, പാസ്പോർട്ടും അടക്കമുള്ള തിരിച്ചറിയൽ േരഖകൾ നഷ്ടമായ കുരുവിള കോശിയുടെ സംരക്ഷണമാണു മലയാളി കൂട്ടായ്മ ഏറ്റെടുത്തത്. 

കാഴ്ചപരിമിതിയും കേൾവിക്കുറവുമടക്കം പലവിധ രോഗങ്ങൾ അലട്ടുന്ന കുരുവിള കോശിയെ തെരുവിൽ ഭക്ഷണം വിതരണം ചെയ്യാനെത്തിയ സന്നദ്ധപ്രവർത്തകരാണ് ആദ്യം കണ്ടെത്തിയത്. സംരക്ഷണം ഏറ്റെടുക്കാനെത്തിയവരുടെ മുന്നിലെ പ്രധാന വെല്ലുവിളി അദ്ദേഹത്തിൻറെ കാഴ്ചപരിമിതിയും കേൾവിക്കുറവുമായായിരുന്നു. കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ സാമൂഹികഅകലം പാലിച്ച് വിവരങ്ങൾ ചോദിച്ചറിയാൻ കഠിന പരിശ്രമം വേണ്ടിവന്നു. 37വർഷമായി അമേരിക്കയിൽ കഴിയുന്ന കുരുവിള കോട്ടയം താഴത്തങ്ങാടി സ്വദേശിയാണ്. അമ്മയുടെ മരണത്തോടെയാണ് തെരുവിലെത്തിയതെന്നാണ് 64കാരനായ കുരുവിള പറയുന്നത് 

മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിൽ കൂടിയുള്ളതിനാൽ എങ്ങനെ തെരുവിലെത്തി എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സംരക്ഷകരായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണും ലഭ്യമായിട്ടില്ല. അമേരിക്കയിലെ മറ്റ് മലയാളി അസോസിയേഷനുകളുടെ കൂടി  സഹകരണത്തോടെയാണ് കോവിഡ് കാലത്തെ ഇത്തരം  സന്നദ്ധപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.