സൂം മുതലാളി 3 മാസം കൊണ്ട് നേടിയത് 30,392 കോടി; എല്ലാം കൊറോണയുടെ ‘മറവിൽ’

ലോകമെങ്ങും ജനങ്ങൾ കോവിഡ് ആശങ്കയിൽ കഴിയുമ്പോൾ നഷ്ടങ്ങളുടെ വലിയ വാർത്തകളാണ് പുറത്തുവരുന്നത്. എന്നാൽ കൊറോണ വൈറസ് കോവിഡ് 19 മൂലം സാമ്പത്തികമായി വൻ നേട്ടമുണ്ടാക്കിയിരിക്കുകയാണ് സൂം വിഡിയോ ആപ്ലിക്കേഷൻ.

നിരവധി ആരോപണങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ മൂന്നു മാസം കൊണ്ട് സൂം നേടിയത് ഞെട്ടിക്കുന്ന നേട്ടമാണെന്നാണ് റിപ്പോർട്ടുകൾ.

ടീം അംഗങ്ങളെല്ലാം സൈൻ അപ്പ് ചെയ്യാതെയും എവിടെയും ലോഗിൻ ചെയ്യാതെയും കോളിൽ വിളിക്കാൻ അനുവദിക്കുന്ന വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ആണ് സൂം. മാർച്ച് മാസത്തിൽ വെറും ഒരാഴ്ചയ്ക്കുള്ളിൽ 6.2 കോടിയിലധികം ഡൗൺലോഡുകളാണ് ആപ്ലിക്കേഷനു ലഭിച്ചത്. ഡൗൺ‌ലോഡുകൾ‌ കുത്തനെ കൂടിയതോടെ വരുമാനവും കൂടി. ഇതിന്റെ കണക്കുകളാണ് സൂം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ഹ്യൂറൻ റിപ്പോർട്ട് പ്രകാരം, യുഎസ് ആസ്ഥാനമായുള്ള വിഡിയോ കോൺഫറൻസിങ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ എറിക് യുവാൻ തന്റെ മൊത്തം മൂല്യം 3.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 8 ബില്യൺ യുഎസ് ഡോളറായി വർധിച്ചു എന്നാണ്. ഇത് ഏകദേശം 77 ശതമാനം മുന്നേറ്റമാണ് കാണിക്കുന്നത്.

2019 ഡിസംബറിൽ ഏകദേശം ഒരു കോടി സജീവ ഉപയോക്താക്കളാണ് ആപ്ലിക്കേഷനുണ്ടായിരുന്നത്. 2020 മാർച്ചിൽ ഈ എണ്ണം 20 കോടിയായി ഉയർന്നു. വ‍ിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷന് തുടക്കം മുതൽ തന്നെ അതിന്റെ സ്വകാര്യതാ ആശങ്കകൾ ഉണ്ടായിരുന്നിട്ടുമാണ് ഇത് സംഭവിച്ചതെന്നത് ശ്രദ്ധേയമാണ്.