കോവിഡിന് മരുന്നായി 'മദ്യം'; ഇറാനിൽ കൂട്ടമരണം; കുഞ്ഞിന്റെ കാഴ്ച പോയി: റിപ്പോര്‍ട്ട്

ലോകമെങ്ങും പടർന്ന് പിടിച്ച കോവിഡ് 19നെ ചെറുക്കാൻ മദ്യം ഉപയോഗിച്ചതിനെ തുടർന്ന് ഇറാനിൽ കൂട്ടമരണം. വ്യാജമദ്യം കഴിച്ചാണ് ആളുകൾ മരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് ചെറുക്കുന്നതിനായി നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചതിനെ തുടർന്ന് പിഞ്ചു കുഞ്ഞ് അബോധാവസ്ഥയിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കുട്ടിയുടെ കാഴ്ച പോയെന്നും ഡോക്ടർമാർ വെളിപ്പെടുത്തുന്നു. 

കോവിഡ് വരാതിരിക്കാനായി വ്യാജമദ്യം കഴിച്ച നൂറുകണക്കിന് പേർ ആശുപത്രികളിൽ ചികിൽസയിലാണ്. ആൽക്കഹോൾ കൊറോണ വൈറസിനെ ചെറുക്കുമെന്ന പ്രചാരണമാണ് ദുരന്തത്തിന് കാരണമായത്.

നിയമം മൂലം മദ്യം നിർമിക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ച രാജ്യമാണ് ഇറാൻ. ഇതിനിടെയാണ് വ്യാജമദ്യവിൽപന തകൃതിയായത്. 2000ത്തിലേറെ പേരുടെ ജീവനാണ് കോവിഡ് കാരണം ഇതുവരെ ഇറാനിൽ മാത്രം നഷ്ടമായത്. കാൽ ലക്ഷത്തിലേറെ പേർ ചികിൽസയിലുമാണ്.