കോവിഡ് യുദ്ധം കഴിഞ്ഞ് ചൈന നല്ല നാളിലേക്ക്; വൻമതിൽ ഭാഗികമായി തുറന്നു

കോവിഡ് ഭൂതത്തെ തുറന്നുവിട്ട ചൈനയില്‍ നിന്ന് വീണ്ടും നല്ലവാര്‍ത്തകള്‍. രണ്ടുമാസമായി അടച്ചിട്ട വന്‍മതില്‍ ചൈന ഭാഗികമായി തുറന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ആരോഗ്യകാര്‍ഡുള്ളവര്‍ക്കു മാത്രമാണ് യാത്ര. 

 രോഗം ആദ്യം കാണപ്പെട്ട ഹുെബ പ്രവിശ്യയിലെ യാത്രാവിലക്ക് നീക്കിയതിനു പിന്നാലെയാണ് ചൈന വന്‍മതില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നത്. ഒരു ദിവസം രാവിലെ ഒമ്പതുമുതല്‍ നാലുവരെ 19500 പേരെ മാത്രമെ അനുവദിക്കൂ. മുന്‍കൂട്ടി ബുക് ചെയ്യണം.

രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനും തിരിച്ചുവരവിന്റെ പാതയിലാണ്. വുഹാന്‍ റയില്‍വെ സ്റ്റേഷന്‍ ഫയര്‍ എന്‍ജിനുകള്‍ കൊണ്ട് കഴുകി അണുവിമുക്തമാക്കി. സുരക്ഷയ്ക്ക് ഒട്ടും കുറവുമില്ല. ആരോഗ്യകാര്‍ഡുള്ളവരെപ്പോലും പനി പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. ഏപ്രില്‍ എട്ടിന് വുഹാന്‍ യാത്രയ്ക്ക് പൂര്‍ണമായി തുറന്നുകൊടുക്കും. ന്യൂസ് ഡസ്ക്, മനോരമ ന്യൂസ്