ശ്വസനസഹായി യുവരോഗിക്ക് നൽകി പുരോഹിതൻ; മരണം സ്വയം വരിച്ചു; കണ്ണീര്‍

കോവിഡ് 19 ഏറെ നാശം വിതച്ച പ്രദേശമാണ് ഇറ്റലി. അവിടെ നിന്നും വരുന്ന ഒരു വാർത്തയാണ് ഇപ്പോൾ ലോകം വികാരഭാരത്തോടെ കേള്‍ക്കുന്നത്. ശ്വസനസഹായി മറ്റൊരു രോഗിക്ക് വിട്ടു നൽകി മരണത്തിന് കീഴടങ്ങിയിരിക്കുകയാണ് ഒരു ഇറ്റാലിയൻ പുരോഹിതൻ. 72–കാരനായ ഡോൺ ഗിസെപ്പെ ബെറദെല്ലി എന്ന പുരോഹിതനാണ് ചെറുപ്പക്കാരനായ രോഗിക്ക് ശ്വസനസഹായി നൽകി സ്വയം മരണം വരിച്ചത്. 

മിലാനിലെ കാസ്നിഗോ എന്ന ഗ്രാമത്തിലെ പുരോഹിതനായിരുന്നു ഡോൺ. കൊവിഡ് 19 വൈറസ് ബാധയെത്തുടർന്ന് അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് ശ്വാസം കഴിക്കാൻ അദ്ദേഹം പാടുപെട്ടു. ഇത് ശ്രദ്ധയിൽ പെട്ട ഡോക്ടർമാർ അദേഹത്തിന് ശ്വസനസഹായി നൽകി. എന്നാൽ അത് സ്വീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു. 

പകരം, അസുഖം മൂർച്ഛിച്ച് ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടുന്ന ഒരു യുവരോഗിക്ക് അത് നൽകാൻ അദ്ദേഹം ഡോക്ടർമാരോട് പറയുകയായിരുന്നു. ഏറെ താമസിയാതെ ഡോൺ മരണപ്പെടുകയും ചെയ്തു.

ഇതിനിടെ, കോവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം  പതിനഴായിരത്തി ഒരുനൂറ്റി നാല്‍പ്പത്തിയെട്ടായി.  കോവിഡ്  ബാധിതരുടെ ആകെ എണ്ണം മൂന്നു ലക്ഷത്തി  തൊണ്ണൂറ്റി രണ്ടായിരത്തി  നാനൂറ്റി മുപ്പത്തഞ്ചായി ഉയര്‍ന്നു . ഇന്ന് ലോകത്താകെ 641 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്പെയിനിലും മരണസംഖ്യ ഉയര്‍ന്നു. 2696  പേരാണ് ഇതുവരെ മരിച്ചത്. ഇന്നു മാത്രം  385 പേരാണ്  സ്പെയിനില്‍ മരിച്ചത് . 4537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ഇറാനില്‍ ഇന്ന്  122 പേര്‍ മരിച്ചു. അമേരിക്കയില്‍ കോവിഡ്  മരണം 582 ആയി,അമേരിക്കയില്‍ ഇന്ന് 2434 പേര്‍ക്ക് പുതുതായി കോവിഡ്  സ്ഥിരീകരിച്ചു ഇറാനില്‍ മരണസംഖ്യ ആയിരത്തി എണ്ണൂറായി.