അന്നേ അവര്‍ പറഞ്ഞു; മലേഷ്യന്‍ വിമാനം കടലില്‍ മുക്കി; വെളിപ്പെടുത്തല്‍; നടുക്കം

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ദുരൂഹത മാത്രം ബാക്കി നില്‍ക്കുന്ന ഒന്നാണ് കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370. ലോകം മുഴുവന്‍ തിരഞ്ഞിട്ടും ഇതുവരെ വിമാനത്തിന് എന്തുസംഭവിച്ചെന്നോ എവിടെയാണെന്നോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ ഇതേ കുറിച്ച് മുൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ടോണി അബോട്ട് നടത്തിയ പ്രതികരണമാണ് ചര്‍ച്ചയാവുന്നത്. 

ക്യാപ്റ്റന്‍ സഹരി അഹമ്മദ് ഷായോ സഹ പൈലറ്റ് ഫാരിഖ് അബ്ദുള്‍ ഹാമിദോ ബോധപൂര്‍വ്വം എംഎച്ച് 370 തർത്ത് ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് മലേഷ്യൻ വക്താക്കൾ വിശ്വസിച്ചിരുന്നത്. ഇക്കാര്യം അവർ തന്നോട് പറഞ്ഞിരുന്നുവെന്നും അബോട്ട് പറഞ്ഞു. അപ്രത്യക്ഷമായ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ക്യാപ്റ്റൻ വിമാനം കടലില്‍ മുക്കിയെയെന്ന് മലേഷ്യ വിശ്വസിക്കുന്നുവെന്ന് ചിലർ തന്നോട് പറഞ്ഞിരുന്നു. മലേഷ്യൻ സർക്കാരിന്റെ ഉന്നത തലങ്ങളിൽ നിന്നുള്ളവരാണ് ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ച സംപ്രേഷണം ചെയ്ത സ്കൈ ന്യൂസ് ഡോക്യുമെന്ററിയിലാണ് അദ്ദേഹത്തിന്റ െവളിപ്പെടുത്തല്‍. 

2014 മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്നും മലേഷ്യന്‍ വിമാനം ബീജിങ്ങിലേക്ക് പറന്നുയരുന്നത്. 239 യാത്രക്കാരും വിമാനജീവനക്കാരുമായി വിമാനം വൈകാതെ സമുദ്രത്തില്‍ അപ്രത്യക്ഷമാവുകയായിരുന്നു. വ്യാപകമായ തിരച്ചിലുകള്‍ പിന്നീട് നടത്തിയെങ്കിലും ആരുടേയും മൃതദേഹ അവശിഷ്ടങ്ങള്‍ പോലും ലഭിച്ചില്ല. ശുഭരാത്രി മലേഷ്യന്‍ ത്രീ സെവന്‍ സീറോ എന്നതായിരുന്നു വിമാനത്തില്‍ നിന്നും ലഭിച്ച അവസാന സന്ദേശം. ഇത് പൈലറ്റാണോ സഹ പൈലറ്റാണോ പറഞ്ഞതെന്ന് വ്യക്തമല്ല. ബന്ധം വിച്ഛേദിക്കപ്പെട്ടിട്ടും വിമാനം ഏഴ് മണിക്കൂറോളം പറന്ന് ഇന്ധനം തീര്‍ന്ന ശേഷമാണ് കടലില്‍ പതിച്ചതെന്നാണ് നിഗമനം. ഇതാണ് തിരച്ചില്‍ വളരെയേറെ ദുഷ്‌കരമാക്കിയത്.