കൊറോണ ഒരു വശത്ത്; ചൈനയ്ക്ക് പ്രിയം മുതലയും കീരിയും തന്നെ; വിശപ്പ‌ിന്‍റെ വേട്ട

കൊറോണ കത്തിപ്പടരുകയാണ് ഒരു മയവുമില്ലാതെ. എന്നാൽ മൃഗങ്ങളെ തിന്നാനുളള ചൈനക്കാരുടെ വിശപ്പിന്റെ കാര്യത്തിൽ ഒരു കുറവുമില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഏതാനും ആഴ്ചകളിലായി ചൈനയിലെ പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് ശക്തമായ തിരച്ചിലാണ് നടത്തുന്നത്. കള്ളനെയും പിടികിട്ടാപുള്ളിയെയും ഒന്നുമല്ല തിരയുന്നത്. മറിച്ച് വന്യമ‍ൃഗങ്ങളെ പിടിക്കുകയോ വിൽക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നവരെ കൈയോടെ പിടികൂടാനാണ് ഈ മിന്നൽ പരിശോധന. 

700 ഓളം പേരെയാണ് സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തത്. കൊറോണ വൈറസ് നിർദാക്ഷണ്യം രാജ്യത്തെ ജനങ്ങളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുമ്പോൾ ചൈനയിൽ വന്യമൃഗങ്ങളെ വിൽക്കുന്നതിനും ഭക്ഷിക്കുന്നതിനും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് പരിശോധനയും അറസ്റ്റും. വീടുകൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ, മാർക്കറ്റുകൾ എന്നു വേണ്ട രാജ്യത്തിന്റെ മുക്കും മൂലയും അരിച്ചുപെറുക്കുന്ന തിരക്കിലാണ് ഇവർ. 

ചത്തതും അല്ലാത്തതുമായ 40,000ത്തിൽ അധികം മൃഗങ്ങളെയാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതിൽ അണ്ണാൻ, പന്നി, കീരി എന്നിവയും ഉൾപ്പെടും. വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിനും മൃഗങ്ങളുടെ തോലും മറ്റും മരുന്നുകൾക്കും മറ്റുമായി ഉപയോഗിക്കുന്നതിനുള്ള ചൈനീസ് ജനതയുടെ അഭിരുചിയെ, വർഷങ്ങളായി പിൻതുടർന്നു വന്ന ഭക്ഷണസംസ്കാരത്തെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാനാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്, 

ചൈനയിൽ കൊറോണ വൈറസ് ബാധ പടർന്നു പിടിച്ച സാഹചര്യത്തിൽ ജനുവരിയിലാണ് മത്സ്യമാംസങ്ങൾ വിൽക്കുന്ന ചന്തകൾക്ക് വിലക്കേർപ്പെടുത്തിയത്. വവ്വാലുകളിൽ നിന്ന് ഈനാംപേച്ചികൾ വഴിയാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം. പന്നി, ഉടുമ്പ് എന്നിവയിൽ നിന്നും പടർന്നതാകാമെന്ന റിപ്പോർട്ടുകളും വന്നിരുന്നു. എന്നാൽ ഇതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വുഹാനിലെ കടൽഭക്ഷ്യ ഇനങ്ങൾ വിൽക്കുന്ന മാർക്കറ്റുകളുമായി ബന്ധപ്പെട്ടവർക്കാണ് ആദ്യം കൊറോണ സ്ഥിരീകരിച്ചത്.

ഇവിടെ വവ്വാൽ, പാമ്പ്, വെരുക് തുടങ്ങി നിരവധി വന്യജീവികളുടെ വിൽപന നടന്നിരുന്നു. തുടർന്നാണ് ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് ഇത്തരത്തിൽ ചൈനയുടെ വിവിധ ഭാഗങ്ങളിലുള്ള അങ്ങാടികളെല്ലാം താൽക്കാലികമായി അടച്ചുപൂട്ടാൻ ജനുവരിയിൽ സർക്കാർ ഉത്തരവിടുന്നത്.