മേഗന്റെ പദവി നഷ്ടം ചർച്ച; വിവാഹമോചനമോ?; ബക്കിങ് ഹാമിൽ സംഭവിക്കുന്നത്

ഇപ്പോൾ ലോകമാധ്യമങ്ങളുടെ ശ്രദ്ധ കൂടുതലും ബക്കിങ് ഹാം കൊട്ടാരത്തില്‍ നടക്കുന്ന സംഭവങ്ങളിലാണ്. ഹാരി രാജകുമാരനും ഭാര്യ മേഗൻ മെർക്കിളും പദവികൾ ഉപേക്ഷിച്ച് കൊട്ടാരം വിടുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഇരുവരും വിവാഹ മോചിതരാകാൻ പോകുകയാണോ എന്ന സംശയത്തിലേക്കാണെന്ന് ലോകമാധ്യമങ്ങള്‍ പറയുന്നു. കാരണം ബെക്കിങ്ഹാം കൊട്ടാരത്തിലെ ഒരു സ്ത്രീ രാജകീയ പദവികൾ ഉപേക്ഷിക്കുന്നത് വിവാഹ മോചനം നേടുമ്പോഴാണ്. മേഗന്റെ കാര്യത്തിൽ ഇത്തരം ഒരു നീക്കം ഇല്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അങ്ങനെയൊരു നീക്കമില്ലാതെ ഏത് കീഴ്‌വഴക്കം അനുസരിച്ചാണ് മേഗന്റെ പദവികൾ ഇല്ലാതാക്കുക എന്നതു സംബന്ധിച്ചുള്ള ചർച്ചകളാണ് ബക്കിങ്ഹാം കൊട്ടാരത്തിൽ പുരോഗമിക്കുന്നത്. 

ഹാരിയുടെയും മേഗന്റെയും രാജകീയ പദവികളെല്ലാം നീക്കം ചെയ്യുന്നതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കൊട്ടാരം വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. ഡ്യൂക്ക് ഓഫ് സസെക്സ്, ഡച്ചസ് ഓഫ് സസെക്സ്  എന്നീ പദവികളാണ് നീക്കം ചെയ്യുന്നത്. എന്നാൽ സാധാരണ രീതിയില്‍ സ്ത്രീകളുടെ രാജകീയ പദവികൾ എടുത്തുകളയുന്നത് അവർ രാജകുടുംബാംഗങ്ങളായ പുരുഷൻമാരിൽ നിന്നും വിവാഹ മോചിതരാകുമ്പോഴാണ്. 

ഹാരിയുടെ മാതാവ് ഡയാനയുടെ പദവികൾ കൊട്ടാരം എടുത്തു മാറ്റിയപ്പോഴും ലോകം അവരെ വിളിച്ചത് ഡയാന രാജകുമാരി എന്നു തന്നെയാണ്. ഹാരിയും മേഗനും ഇനി എങ്ങനെ അറിയപ്പെടും എന്നതു സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണെന്നും കൊട്ടാരം അറിയിച്ചു. 

2018ൽ ഹാരിയുമായുള്ള വിവാഹത്തിനു ശേഷമാണ് മേഗന് ഡച്ചസ് ഓഫ് സസെക്സ് എന്ന പദവി ലഭിച്ചത്. ഈ മാസം ആദ്യത്തിലാണ് ഇരുവരും തങ്ങളുടെ രാജകീയ പദവി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. തുടർന്ന് മേഗനും ഹാരിക്കുമുള്ള ജനങ്ങൾ നൽകുന്ന നികുതി പണം ഇനി മുതൽ ലഭിക്കില്ലെന്നും എലിസബത്ത് രാജ്ഞി അറിയിച്ചിരുന്നു.