ദിനോസറുകളെ അതിജീവിച്ച മരങ്ങൾ; ആ 200 മരങ്ങളെ കാട്ടുതീക്ക് കൊടുക്കാതെ ഓസ്ട്രേലിയ

ഓസ്ട്രേലിയയിൽ കാട്ടുതീ വരുത്തിയ വൻനാശങ്ങളുടെ റിപ്പോർട്ട് ഒാരോന്നായി പുറത്തുവരികയാണ്. ഇക്കൂട്ടത്തിൽ ലോകത്ത് അവശേഷിക്കുന്ന അപൂർവ വൃക്ഷങ്ങൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണ് അധികൃതർ. തീ പടർന്നപ്പോൾ തന്നെ സ്വീകരിച്ച മുൻകരുതലാണ് ഇൗ മരങ്ങളെ രക്ഷിക്കാനായത്. 

തീ പടർന്നപ്പോൾ സിഡ്നിക്കു പടിഞ്ഞാറുള്ള നീല മലകൾക്കരികെ ആർത്തുവളർന്നു നിന്ന ഒരു കൂട്ടം മരങ്ങളുടെ അടുത്തേയ്ക്ക് അഗ്നിരക്ഷാപ്രവർത്തകർ പാഞ്ഞെത്തിയത്. കഷ്ടിച്ച് 200 എണ്ണം വരുന്ന ആ മരങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ ഭൂമി മാപ്പു തരില്ല. ലോകത്ത് ആകെ അവശേഷിക്കുന്ന വോളമൈ പൈൻ മരങ്ങളാണവ. ദിനോസർ മരങ്ങളെന്നും പേരുള്ള അപൂർവ വൃക്ഷവിസ്മയം. 

ഇവ ദിനോസറുകളെ അതിജീവിച്ച മരങ്ങളാണ്. ഫോസിൽ രൂപത്തിൽ മാത്രമുണ്ടായിരുന്നതിനാൽ, അന്യം നിന്നു പോയെന്നുപോലും കരുതപ്പെട്ട ഇവയെ 1994 ൽ ‘ഉടലോടെ’ കണ്ടെത്തുകയായിരുന്നു. 

സിഡ്നിക്കു പടിഞ്ഞാറു പടർന്ന കാട്ടുതീയിൽനിന്ന് അഗ്നിരക്ഷാപ്രവർത്തകർ സംരക്ഷിച്ച വോളമൈ പൈൻ മരക്കൂട്ടം. ഹെലികോപ്റ്ററുകളിലെത്തിയ അഗ്നിരക്ഷാപ്രവർത്തകർ, വോളമൈ പൈൻമരങ്ങൾക്കു ചുറ്റും കിടങ്ങുകൾ തീർന്നു നനവേകി നി‍ർത്തിയതിനാൽ ഈ മരങ്ങളെ മാത്രം തീ നാമ്പുകൾ തൊട്ടില്ല. തീപടരാതിരിക്കാനുള്ള മിശ്രിതം മരക്കൂട്ടത്തിനു ചുറ്റും തൂവിക്കൊടുക്കുകയും ചെയ്തു.