പല്ലിനിടയിൽ കുടുങ്ങി പോപ്കോൺ; ജീവൻ രക്ഷിക്കാൻ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ

പോപ്കോൺ കാരണം ഹൃദയം തുറന്നുവരെ ഓപ്പറേഷൻ നടത്തിയ വ്യക്തിയുടെ അവസ്ഥ ആരെയും അമ്പരപ്പിക്കും. പല്ലിന്റെ ഇടയിൽ കുടുങ്ങിയ പോപ്കോൺ ഭാഗമാണ് വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവച്ചത്. ബ്രിട്ടിഷുകാരനായ ആദം മാർട്ടൻ പോപ്കോൺ കഴിക്കുന്നതിനിടയിലാണ് ഒരു കഷണം പല്ലിനിടയിൽ കുടുങ്ങിയത്. പലതരം വസ്തുക്കൾ ഉപയോഗിച്ച് മൂന്നു ദിവസം ശ്രമിച്ചിട്ടും പോപ്കോൺ എടുക്കാനായില്ല. ടൂത്ത്പിക്, പേനയുടെ അടപ്പ്, വയറിന്റെ കഷണം, ഇരുമ്പാണി ഇതെല്ലാം എടുത്താണ് പല്ലിൽ മാർട്ടൻ കുത്തിയത്. 

ഇതോടെ പല്ലിനിടയിൽ കുടുങ്ങിയ പോപ്കോൺ മോണയിൽ അണുബാധ ഉണ്ടാക്കുകയും അതു ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിലാകുകയും ചെയ്തു. ഇതോടെ പനിയും തലവേദനയും ക്ഷീണവും തുടർച്ചയായി. സാധാരണ പനിയാണെന്നായിരുന്നു മാർട്ടിൻ കരുതിയത്. എന്നാൽ എൻഡോകാർഡൈറ്റിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങളാണിതെന്ന് പിന്നീട് മനസ്സിലാക്കി. ഹൃദയത്തിന്റെ അറകളെ ആവരണം ചെയ്യുന്ന നേർത്ത സ്തരമായ എൻഡോകാർഡിയത്തെ ബാധിക്കുന്ന അണുബാധയാണിത്.

കുറച്ചു ദിവസങ്ങൾക്കു ശേഷം, അണുബാധ മൂലം ഹൃദയത്തിനു തകരാർ സംഭവിച്ചതായി സ്കാനിങ്ങിൽ കണ്ടു. പെട്ടെന്നു തന്നെ മാർട്ടിനെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയും ചെയ്തു. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം മാർട്ടിൻ സുഖം പ്രാപിച്ചു. ആദ്യം തന്നെ ഒരു ദന്തഡോക്ടറെ കാണാൻ പോകാത്തതിൽ ഇപ്പോൾ മാർട്ടിൻ വളരെയധികം ദുഃഖിക്കുന്നു. ആന്റിബയോട്ടിക്കുകൾ കൊണ്ട് വേഗം സുഖപ്പെടുത്താവുന്ന ഒരു പ്രശ്നമായിരുന്നു ജീവനുപോലും ഭീഷണിയായത്.