ഫ്രാന്‍സ് മാര്‍പാപ്പയുടെ പൗരോഹിത്യത്തിന് 50 വയസ്; സാന്ത്വനത്തിന്‍റെ പുഞ്ചിരി

ലോകത്തിന്റെ പിന്നാമ്പുറത്തുള്ള തീരെ ചെറിയവരുടെ നാഥനായ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പൗരോഹിത്യം സ്വീകരിച്ചിട്ട് ഇന്ന് അമ്പതാം വര്‍ഷം. വിശപ്പും ദാരിദ്ര്യവും  ദയയും ജീവിതചര്യയായി സ്വീകരിച്ചാണ്   1969 ഡിസംബര്‍ പതിമൂന്നിന് ജോര്‍ജ് ബര്‍ഗോളിയോ വൈദികനായത്. 

സാന്ത്വനത്തിന്റെ പുഞ്ചിരിയുമായി, ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള വിദ്വേഷങ്ങളുടെ മുറിവുണക്കാൻ ദൈവവഴിയിലൂടെയുള്ള യാത്ര തുടരുകയാണ്. മറ്റു ജനസമൂഹങ്ങളിലേക്കും ജീവിതങ്ങളിലേക്കും നന്മയിലേക്കും. 13 എന്ന അക്കത്തിന് ആ ജീവിതത്തില്‍ പ്രത്യേക പ്രസക്തിയുണ്ട്. ഡിസംബര്‍ 13ന് വൈദികനായി, 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയും.   ഡിംസബര്‍ 17ന് എണ്‍പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന മാര്‍പ്പാപ്പ ഇന്നും വിശ്രമിക്കുന്നില്ല.   ജപ്പാന്‍, തായ്‌ലന്‍ഡ് സന്ദര്‍ശനം കഴിഞ്ഞ മാസമായിരുന്നു. 

‌മാർപാപ്പയുടെ ഇടപെടലുകൾ കഴിഞ്ഞ ആറു വർഷത്തെ ലോകരാഷ്ട്രീയത്തിൽ നിർണായക ഘടകമായിട്ടുണ്ട്. ക്യൂബയും അമേരിക്കയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട ശീതയുദ്ധത്തിന് അയവുവരുത്തുന്നതിൽ പങ്കുവഹിച്ചു.അഭയാർഥികളോടു മുഖംതിരിക്കുന്ന യൂറോപ്പിനെ  വിമർശിച്ചു; ബാലപീഡനത്തിനെതിരെ   നിലപാടെടുത്തു. വത്തിക്കാനെ അംഗീകരിക്കാത്ത ചൈനയുടെ പോലും പ്രശംസ നേടി.