വിമാനയാത്രക്കിടെ വിവാഹകാര്‍മികന്‍റെ വേഷമണിഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വിമാനജോലിക്കാരായ ദമ്പതികളുടെ വിവാഹശിശ്രൂഷകള്‍ക്കാണ് വിമാത്തിനുള്ളില്‍വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നേതൃത്വം നല്‍കിയത്. ആദ്യമായാണ് ഭൂമിയില്‍നിന്ന് മുപ്പത്തിയാറായിരം അടി ഉയരത്തില്‍വച്ച് ഒരു മാര്‍പ്പാപ്പ വിവാഹ ശുശ്രൂഷ നടത്തുന്നത്. 

എട്ടുവര്‍ഷം മുന്‍പ് നിയമാനുസൃതം വിവാഹിതരായവരാണ് കാര്‍ലോസ് സി. എലോറിഗയും പൗള പോഡസ്റ്റ് റൂയിസും. എന്നാല്‍ മതപരമായി വിവാഹം കഴിക്കണമെന്ന അവരുടെ ആഗ്രഹം മാത്രം നീണ്ടുപോയി. ചിലെയിലെ സാന്‍റിയാഗോയിലുള്ള അവരുടെ പള്ളി 2010ലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്നതാണ് കാരണം. ഇതാണ് വിമാനവിവാഹത്തിന് നിമിത്തമായത്. 

വിമാനത്തിനുള്ളില്‍വച്ചാണ് ദമ്പതികള്‍ മാര്‍പ്പാപ്പയോട് വിവാഹം നടത്തിത്തരാന്‍ ആവശ്യപ്പെട്ടത്. ലളിതവും ഹ്രസ്വവുമായ ചടങ്ങില്‍ വിവാഹം നടത്തിയ മാര്‍പ്പാപ്പ വിവാഹ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കുകയും ചെയ്തു.