വയസ് ഒൻപത്; ഇലക്ട്രിക്കൽ എൻജിനീയറാകാൻ പരീക്ഷ; അദ്ഭുതബാലൻ

നെതർലൻഡിലെ ആംസ്റ്റർഡാമിൽ നിന്നുള്ള ഒൻപത് വയസ്സുകാരൻ ബിരുദ പരീക്ഷയ്ക്കൊരുങ്ങുന്നു. ലോറന്റ് സൈമൻ എന്ന ഒൻപതുകാരനാണ് യൂറോപ്യൻ മാധ്യമങ്ങളിൽ അത്ഭുത ബാലനായി മാറിയിരിക്കുന്നത്. വെള്ളിയാഴ്ച ഐംഡ്ഹോ വെൻ യൂണിവേഴ്സിറ്റിയിലാണ് പരീക്ഷ. ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദത്തിനായിട്ടാണ് പരീക്ഷ. എട്ടാം വയസ്സിൽ ലോറന്റ് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 2018–ൽ ഇലക്ട്രിക് എൻജിനീയറിങ് പഠനം ആരംഭിച്ചു. 2019 അവസാനം അത് പൂർത്തിയാക്കി. ഇനി പരീക്ഷ.

ഈ ബാലന്റെ ബുദ്ധിശക്തി അപാരമാണ്. പ്രത്യേക ക്ലാസ് ലോറന്റിന് മാത്രം നൽകുന്ന പ്രൊഫസർ–പീറ്റർ ബാൽറ്റൂസ് മാധ്യമങ്ങളോട് പറഞ്ഞു. മുതിർന്ന കുട്ടികളോടൊപ്പം ക്ലാസ് മുറിയിൽ ഇരുത്താൻ കഴിയാത്തത് മൂലം ലോറന്റിന് മാത്രമായി ക്ലാസ് പ്രത്യേക മുറിയിലാണ് നടത്തുന്നത്. ലോറന്റിന്റെ ഐ ക്യൂ – നൂറ്റി നാൽപത്തഞ്ചാണ്. ഇത്രയും ഐ ക്യൂ ലെവൽ ലോകം ഇതുവരെ കണ്ടത് രണ്ട് മഹാവ്യക്തികൾക്ക് മാത്രമായിരുന്നു. ജ്യോതിശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്, നോബൽ സമ്മാന ജേതാവും ജർമൻകാരനുമായ ആൽബർട്ട് ഐൻസ്റ്റീൻ.

ലോറന്റ് മാതാപിതാക്കളോടൊപ്പം

ദന്തഡോക്ടറായ അലക്സാണ്ടറാണ് ലോറന്റിന്റെ പിതാവ്. കുടുംബസമേതം ആംസ്റ്റർഡാമിലാണ് താമസം. മകന്റെ പഠനത്തിന് എന്തു സഹായവും ചെയ്തു കൊടുക്കുമെന്ന് അഭിമാനത്തോടെ അലക്സാണ്ടർ മാധ്യമങ്ങളോട് പറഞ്ഞു. ഇനി ലോറന്റിന്റെ ലക്ഷ്യം ഡോക്ടർ ടൈറ്റിലാണ്. പഠനം എത്രയും വേഗം ആരംഭിക്കും. ജർമനിയിലോ യുഎസിലോ പഠനത്തിനായി ചേരുമെന്ന് പിതാവ് അലക്സാണ്ടർ മാധ്യമങ്ങളെ അറിയിച്ചു.

റിപ്പോർട്ട്: മനോരമ ഒാൺലൈൻ