മോദി- സൽമാൻ രാജാവ് കൂടിക്കാഴ്ച; ഭീകരത പ്രധാന ചർച്ചാ വിഷയമായി

ഭീകരതയ്ക്കെതിരെ ഒരുമിച്ചു നീങ്ങുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി ഭരണാധികാരി സൽമാൻ രാജാവും. ഇരുവരും റിയാദിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഭീകരത പ്രധാന ചർച്ചാ വിഷയമായി. അതേസമയം, ആഗോളനിക്ഷേപ സംഗമത്തിനെത്തിയ വ്യവസായികളെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രധാനമന്ത്രി ക്ഷണിച്ചു.

ഒരു രാത്രിയും പകലും മാത്രം നീണ്ട സന്ദർശനം ഇന്ത്യ സൌദി ബന്ധത്തിലെ നിർണായക അധ്യയമായിരുന്നു. എല്ലാത്തരത്തിലുമുള്ള ഭീകരതയെ അപലപിക്കുന്നതായും അതിനെതിരെ ഒരുമിച്ചു പോരാടുന്നതിനു സൌദിയും ഇന്ത്യയും കൈകോർക്കുമെന്നും ഇരു ഭരണാധികാരികളും വ്യക്തമാക്കി. 

പ്രതിരോധം, എണ്ണ, പുനരുപയോഗ ഊർജം, സമുദ്രസുരക്ഷ, വ്യാപാരവ്യവസായം തുടങ്ങി വിവിധ മേഖലകളിലെ പന്ത്രണ്ടു കരാറുകളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. മഹാരാഷ്ട്രയിൽ അരാംകോയുടെ സഹകരണത്തോടെ തുടങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുത്ത മോദി, മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികളെ അഭിസംബോധന ചെയ്തു. ഊർജം, 

അടിസ്ഥാന സൌകര്യ വികസനം, ഐടി തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപ സാധ്യതയുള്ളതായി പ്രധാനമന്ത്രി പറഞ്ഞു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ വിഷൻ 2030 ന് മോദി പിന്തുണ അറിയിച്ചു. തുടർന്നു പ്രധാനമന്ത്രിയുടെ ബഹുമാനാർഥം കിരീടാവകാശി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തശേഷം മോദി ഡൽഹിയിലേക്കു മടങ്ങി.